സ്വന്തം ലേഖകന്‍: സിറിയയിലേക്ക് കരസൈന്യത്തെ അയക്കില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി, നാറ്റോ അടിയന്തിര യോഗം വിളിച്ചു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടരുമെന്നും തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു.
തുര്‍ക്കി അതിര്‍ത്തിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് എത്തുന്നത് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുര്‍ദുകള്‍ക്കെതിരെയും ഐ.എസിനെതിരേയും ഇറാഖിലും തുര്‍ക്കിയിലും ശക്തമായ വ്യോമാക്രമണമാണ് തുര്‍ക്കി നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, വടക്കന്‍ സിറിയയിലെ കുര്‍ദ് പ്രദേശത്ത് തുര്‍ക്കി ഷെല്ലാക്രമണം നടത്തിയതായി കുര്‍ദിഷ് പീപ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ.പി.ജി) ആരോപിച്ചു. സിറിയയിലെ കുര്‍ദുകളെ തങ്ങള്‍ ഇതുവരെ ലക്ഷ്യംവെച്ചിട്ടില്ലെന്ന് തുര്‍ക്കി വിശദീകരണം നല്‍കിയിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായി അങ്കാറയില്‍ അധികൃതര്‍ പറഞ്ഞു.
കൊബയ്നിന് പുറത്തുള്ള സിറിയന്‍ ഗ്രാമത്തിലെ ചെക്പോയന്റിലാണ് രാത്രിയില്‍ തുര്‍ക്കി ടാങ്കുകളില്‍നിന്ന് ഷെല്ലുകള്‍ പതിച്ചതെന്ന് കുര്‍ദിഷ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേറ്റതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ (എസ്.ഒ.എച്ച്.ആര്) സംഘടന പറഞ്ഞു.
സൈനിക നടപടി അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയായിരിക്കുമെന്ന് സിറിയയിലെ പ്രധാന കുര്‍ദിഷ് പാര്‍ട്ടി ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടി (പി.വൈ.ഡി) ഈ മാസാദ്യം തുര്‍ക്കിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയില്‍ ഐ.എസിനെതിരെ പൊരുതുന്ന വൈ.പി.ജിയെ ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും പി.വൈ.ഡി അറിയിച്ചിരുന്നു.
ഇതിനിടെ, തുര്‍ക്കിയുടെ ആവശ്യപ്രകാരം നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞ ആഴ്ച സറൂജിലുണ്ടായ തീവ്രവാദ ആക്രമണവും മേഖലയിലെ സുരക്ഷാ ഭീഷണിയും ചര്‍ച്ച ചെയ്യാനാണ് നാറ്റോ യോഗം വിളിക്കാന്‍ തുര്‍ക്കി ആവശ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല