സ്വന്തം ലേഖകന്‍: ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകനും തൂക്കുകയര്‍, ശിക്ഷ ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്തിയതിന്. കൊല്ലപ്പെട്ട മുഅമ്മര്‍ ഗദ്ദാഫിയുടെ മകന് സെയ്ഫ് അല്‍ ഇസ്ലാം, ഗദ്ദാഫിയുടെ ഭരണകാലത്തെ അവസാന പ്രധാനമന്ത്രി അല്‍ ബഗ്ദാദി അല്‍ മഹ്മൂദി, മുന്‍ ഇന്റലിജന്‍സ് മേധാവി അബ്ദുല്ല സെന്‍സൂയി എന്നിവരടക്കം ഒന്‍പതു പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
2011 ല്‍ ഗദ്ദാഫി ഭരണത്തെ അട്ടിമറിച്ച ജനകീയമുന്നേറ്റത്തെ അടിച്ചമര്‍ത്തിയതിനും കൊലപാതകങ്ങള്‍ നടത്തിയതിനുമാണ് ശിക്ഷ. ആകെ 37 പ്രതികളുള്ളതില്‍ നാലു പേരെ വിട്ടയച്ചു. എട്ടു പേര്‍ക്കു ജീവപര്യന്തം തടവും ഏഴു പേര്‍ക്കു 12 വര്‍ഷം വീതം തടവും ബാക്കിയുള്ളവര്‍ക്കു ചെറിയ ശിക്ഷകളും ലഭിച്ചു.
ഗദ്ദാഫിയുടെ മക്കളില്‍ ഏറ്റവും പ്രമുഖനായ സെയ്ഫ് ഇപ്പോള്‍ സിന്റാന്‍ മേഖല ഭരിക്കുന്ന വിമത വിഭാഗത്തിന്റെ പിടിയിലാണ്. ട്രിപ്പോളിയിലെ ഭരണകൂടത്തെ വിശ്വാസമില്ലാത്തതിനാല്‍ സെയ്ഫിനെ കൈമാറാന്‍ അവര്‍ തയാറായില്ല. എങ്കിലും കേസ് വിചാരണ നടത്താന്‍ സമ്മതിച്ചു. സെയ്ഫിന്റെ അസാന്നിധ്യത്തിലായിരുന്നു കോടതി വിധി. ഇയാളെ കൈമാറിയാല്‍ തടവില്‍ നിന്നു രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ക്കു കഴിയില്ലെന്നാണ് വിമത വിഭാഗം പറയുന്നത്.
രാജ്യാന്തര കോടതിയിലും യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച കേസില്‍ സെയ്ഫ് പ്രതിയാണ്. പിതാവിന്റെ വലംകൈയായിരുന്ന ഇയാളാണ് ഏതു വിധേനയും ജനകീയപ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല