സ്വന്തം ലേഖകന്‍: കലാശപ്പോരാട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ഉന്നംവക്കുന്നതായി റിപ്പോര്‍ട്ട്. ലോകം മുഴുവന്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിന്റെ കലാശപ്പോരാട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ മാധ്യമമായ യു എസ് എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ തീവ്രവാദ നിയന്ത്രണ മേഖലയില്‍ നിന്നും ലഭിച്ച രഹസ്യ രേഖകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും ഭീകരവാദ സംഘങ്ങളെ ഏകോപിപ്പുച്ചുള്ള നീക്കത്തിനാണ് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതെന്നാണ് സൂചന. ഉറുദുവിലുള്ള 32 പേജുള്ള രഹസ്യ രേഖയെ ഉദ്ധരിച്ചാണ് യു.എസ്.എ ടുഡേ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന അമേരിക്കന്‍ സൈനികര്‍ക്കു നേരെയും യു.എസ്, പാകിസ്ഥാനി നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നേരെയും ആക്രമണത്തിന് പദ്ധതിയുണ്ട്.
സ്വതന്ത്രമായി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന അമേരിക്കന്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിയ രേഖ യു.എസ്.എ ടുഡേ വിശദമായ പരിശോധനക്കു ശേഷമാണ് വാര്‍ത്തയായി നല്‍കിയിരിക്കുന്നത്. പാകിസ്ഥാനി താലിബാനുമായി നേരിട്ട് ബന്ധമുള്ള പാക് പൗരനാണ് രേഖ അമേരിക്കന്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിന് ചോര്‍ത്തി നല്‍കിയത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയെ ആക്രമിച്ചാല്‍ അമേരിക്കയുമായി ചേര്‍ന്ന് തിരിച്ചടിക്കുമെന്നും ഇത് അന്തിമ യുദ്ധത്തിന് കാരണമാകുമെന്നുമാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ കണക്കുകൂട്ടല്‍. അമേരിക്കയെ മാത്രം ലക്ഷ്യം വെച്ചിരുന്ന അല്‍ഖ്വയ്ദ രീതി തെറ്റായിരുന്നെന്നും ഇസ്ലാമിക് സ്റ്റേറ്റ് കരുതുന്നു. അമേരിക്കയെ നേരിട്ട് ആക്രമിക്കാതെ പരമാവധി ആയുധശേഖരണം നടത്തിയശേഷം മറ്റുരാജ്യങ്ങളെ ലക്ഷ്യം വെക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയെന്നും യുഎസ്എ ടുഡേ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല