സ്വന്തം ലേഖകന്‍: കണ്ണീര്‍ക്കടലായ രാമേശ്വരത്ത് എ.പി.ജെ. അബ്ദുല്‍ കലാമിന് രാഷ്ട്രം ഇന്ന് വിടനല്‍കും. രാമേശ്വരത്തിനടുത്ത് പേയ്ക്കരിമ്പില്‍ രാവിലെ 11 നാണ് ശവസംസ്കാരം. ശവസംസ്ക്കാര ചടങ്ങില്‍ സംബന്ധിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കള്‍ എത്തും.
രാമേശ്വരം ബുധനാഴ്ചയോടെ കണ്ണീര്‍ക്കടലായി മാറി. പതിനായിരങ്ങളാണ് എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഭൗതികദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്. തിങ്കളാഴ്ച ഷില്ലോങ്ങില്‍ അന്തരിച്ച കലാമിന്റെ ഭൗതികശരീരം ബുധനാഴ്ചയാണ് നാട്ടിലെത്തിച്ചത്.
ബുധനാഴ്ച രാത്രി ഏറെ വൈകി കലാമിന്റെ കുടുംബവീടായ ഹൗസ് ഓഫ് കലാമില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു. വ്യാഴാഴ്ച രാവിലെ തൊട്ടടുത്തുള്ള മുഹിദീന് ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ മയ്യത്ത് നമസ്ക്കാരത്തിന് കൊണ്ടുപോകും. 11 മണിയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ന്യൂഡല്‍ഹിയില്‍നിന്ന് കലാമിന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് മധുരയിലെത്തിയത്. സംസ്ഥാന ഗവര്‍ണര്‍ റോസയ്യയും ചീഫ് സെക്രട്ടറി ജ്ഞാനദേശികനും ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല