സ്വന്തം ലേഖകന്‍: യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ പോസ്റ്റ്, കിസ് ഓഫ് ലൗവിന്റെ ഫേസ്ബുക്ക് പേജ് ഫേസ്ബുക്ക് മുക്കി. യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട ചിത്രം പോസ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പേജ് ഡിലിറ്റ് ചെയ്തതെന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വിശദീകരണം തേടാതെ ഏകപക്ഷീയമായി പേജ് ഡിലിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ വാദം.
മായ്ച്ചുകളഞ്ഞ പേജിനു പകരമായി പുതിയ പേജും തുറന്നിട്ടുണ്ട്.
ചുംബന സമരത്തിന്റെ സംഘാടകരായ കിസ് ഓഫ് ലവ് കൂട്ടായ്മ തുടങ്ങിയ പേജിന് രണ്ട് ലക്ഷത്തിലധികം വായനക്കാര്‍ ഉണ്ടായിരുന്നു. ചുംബന സമരത്തിന്റെ പ്രചാരണത്തിനായി തുടക്കമിട്ട പേജില്‍ സമരത്തിന് ശേഷവും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെപ്പറ്റി പോസ്റ്റുകള്‍ വരാറുണ്ടായിരുന്നു. പേജിന് വിമര്‍ശകരും ധാരളമായിരുന്നു.
വിമര്‍ശകര്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പല വട്ടം കിസ് ഓഫ് ലവ് പേജ് ഫേസ്ബുക്ക് താത്കാലികമായി പിന്‍വലിച്ചിരുന്നു. പേജിന്റെ അഡ്മിന്മാര് നല്കിയ വിശദീകരണങ്ങളെ തുടര്‍ന്ന് അപ്പോഴെല്ലാം നിരോധനം നീക്കുകയും ചെയ്തു. എന്നാല്‍ ഇക്കുറി സ്ഥിതി വ്യത്യസ്തമാണെന്നാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പറയുന്നത്.
പേജ് നീക്കം ചെയ്തതിന് പുറമെ അഡ്മിന് ആയിരുന്നവര്‍ക്ക് മൂന്നു ദിവസത്തേക്ക് പോസ്റ്റുകള്‍ ഇടുന്നതിനും ലൈക്ക് ചെയ്യുന്നതിനും വിലക്കും ഏര്‍പ്പെടുത്തിയുണ്ടെന്ന് ഇവര്‍ പറയുന്നു. യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ ശക്തമായ പ്രചാരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല