സ്വന്തം ലേഖകന്‍: നയതന്ത്ര ബന്ധത്തില്‍ നാഴികക്കല്ലായി ലഡാക്കില്‍ ഇന്ത്യാ, ചൈനാ, കൂടിക്കാഴ്ച. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ലഡാക്കില്‍ അതിര്ത്തിതല കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യാ, ചൈനാ ബന്ധത്തില്‍ നാഴികക്കല്ലായ കൂടിക്കാഴ്ച നടന്നത് തര്‍ക്കപ്രദേശമായ ദൗലത് ബെഗ് ഓള്‍ഡിയില്‍ വച്ചാണ്.
കിഴക്കന്‍ ലഡാക്ക് മേഖലയിലുള്‍പ്പെട്ട ഇവിടെവച്ചാണ് 2013 ല്‍ ഇരു സൈനിക വിഭാഗങ്ങളും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത്. ദൗലത് ബെഗ് ഓള്ഡിയിലേക്കു കടന്ന ചൈനീസ് പട്ടാളം ഇവിടെ കൂടാരമടിച്ചതിനു പിന്നാലെയായിരുന്നു ഇത്.
ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ഡേയുടെ ഭാഗമായാണ് ഇരു വിഭാഗങ്ങളും ഒത്തുചേരല്‍ നടത്തിയത്. ഇന്ത്യന്‍ സംഘത്തെ കേണല്‍. ബി.എസ്. ഉപാലും ചൈനീസ് സംഘത്തെ കേണല്‍ സോങ് ഴുവാന്ലിയും പ്രതിനിധീകരിച്ചു.
കിഴക്കന്‍ ലഡാക്കില്‍ ചൈനാ അതിര്‍ത്തിയിലെ ചുഷൂല്‍ മേഖലയിലും സൈനിക കൂടിക്കാഴ്ച നടന്നു. ചുഷൂലിലും ഇരുവിഭാഗങ്ങളും നേരത്തെ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. 2013 ഏപ്രിലില്‍ പി.എല്‍.എയുടെ നാല്‍പ്പതോളം ട്രൂപ്പുകള്‍ ദൗലത് ബെഗ് ഓള്‍ഡിയില്‍ 20 കിലോമീറ്ററോളം നുഴഞ്ഞുകയറി കൂടാരങ്ങളടിച്ചെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
തുടര്‍ന്ന് അതേ നാണയത്തില്‍ പ്രതികരിച്ച ഇന്ത്യന്‍ സൈന്യം പി.എല്‍.എയ്ക്കു മുന്നൂറു മീറ്റര്‍ അകലെവരെ എത്തി കൂടാരമടിക്കുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല