1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2015

സ്വന്തം ലേഖകന്‍: പച്ചക്കറികളില്‍ വിഷം, കേരളവും തമിഴ്‌നാടും കൊമ്പുകോര്‍ക്കുന്നു. വിഷം തളിച്ച പച്ചക്കറികള്‍ ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തിയില്‍ തടയുമെന്ന് കേരളം തീരുമാനിച്ചതോടെ ഓണത്തിന് കേരളത്തിലേക്കുള്ള പച്ചക്കറികള്‍ തടയാന്‍ തമിഴ്‌നാട്ടിലെ കര്‍ഷകസംഘടനകള്‍ നീക്കം തുടങ്ങി.

ആഗസ്ത് നാലു മുതല്‍ കേരളത്തിലേക്ക് പച്ചക്കറികള്‍ കൊണ്ടുവരുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ പ്രശ്‌നങ്ങള്‍ വഷളാകുകയാണ്. കേരളതമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ വില്‍പ്പനനികുതി വകുപ്പ് ജീവനക്കാര്‍ക്കാണ് പച്ചക്കറിയുമായി എത്തുന്നവരുടെ ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ അധികാരം നല്‍കിയിരിക്കുന്നത്.

ഫുഡ് സേഫ്റ്റി സ്‌പെഷല്‍ സ്‌ക്വാഡ് എല്ലാ ചെക്ക്‌പോസ്റ്റുകളിലും എത്തി പച്ചക്കറിവണ്ടികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തും. അതേസമയം ഓണത്തിന് കേരളത്തിലേക്കുള്ള പച്ചക്കറി തടയുമെന്ന ഭീഷണിയുമായി തമിഴ്‌നാട്ടില്‍ കര്‍ഷകസംഘടനകള്‍ രംഗത്തെത്തി. ഓണക്കാലത്തെ പച്ചക്കറികളുടെ വര്‍ദ്ധിച്ച ആവശ്യത്തിന് മുമ്പില്‍ കേരളം നിയന്ത്രണം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

പച്ചക്കറികളില്‍ ഉപയോഗിക്കുന്ന മാരക കീടനാശിനികള്‍ക്കെതിരെ തമിഴ്‌നാട്ടിലെ കൃഷിവകുപ്പ് പഠനക്ലാസ്സുകള്‍ നടത്തിയിരുന്നു. ക്ലാസ്സില്‍ പങ്കെടുത്ത കര്‍ഷകരില്‍ ഭൂരിഭാഗവും കീടനാശിനികള്‍ ഉപയോഗിക്കാതെ വന്‍ വിളവ് ഉണ്ടാക്കാനാവില്ല എന്ന നിലപാടിലായിരുന്നതായി ഉദ്യോഗസ്ഥര്‍തന്നെ രഹസ്യമായി സമ്മതിക്കുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി നല്‍കാതിരുന്നാല്‍ കേരളം മുട്ടുമടക്കുമെന്നും പച്ചക്കറിവണ്ടികള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിന്റെ പേരില്‍ തിരിച്ചയച്ചാല്‍ കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ കമ്പത്ത് തടയുമെന്നുമാണ് കര്‍ഷകസംഘടനാ നേതാക്കള്‍ പറയുന്നത്. അമിത കീടനാശിനി പ്രയോഗത്തിനെതിരെ കേരളം നടത്തുന്ന പരിശ്രമങ്ങള്‍ തമിഴ്‌നാടിനെതിരെയുള്ള പോരാട്ടമായി ചിത്രീകരിക്കാന്‍ ചില സംഘടനകളും രാഷ്ട്രീയക്കാരും രംഗത്തിറങ്ങിയതും പ്രശ്‌നം വഷളാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.