സ്വന്തം ലേഖകന്‍: തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള പരാതിയില്‍ ഇനി ഉടന്‍ തീരുമാനമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. വീട്ടുജോലിക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു ലഭിച്ചിരിക്കുന്ന പരാതികളില്‍ പത്തു ദിവസത്തിനകവും മറ്റുമേഖലകളിലെ പരാതികളില്‍ 21 ദിവസത്തിനകവും തീര്‍പ്പുകല്‍പ്പിക്കും.
കെട്ടിക്കിടക്കുന്ന കേസുകളില്‍ ഉടന്‍ പരിഹാരം കണ്ടെത്തുകയാണു തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വീട്ടുജോലിക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു ലഭിച്ചിരിക്കുന്ന പരാതികളില്‍ ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളില്‍ ഒത്തുതീര്‍പ്പുണ്ടാക്കും. രമ്യതയിലെത്തിയില്ലെങ്കില്‍ പരാതി ഫയലില്‍ സ്വീകരിച്ച് പത്തു ദിവസത്തിനുളഅളില്‍ ഏകകണ്ഠമായോ ഭൂരിപക്ഷാഭിപ്രായത്തിലോ തീര്‍പ്പുകല്‍പ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
മറ്റുമേഖലകളിലെ തൊഴിലാളികളുടെ പരാതികളില്‍ പരിഹാരം കാണാന്‍ 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ പ്രശ്നത്തില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ കേസ് തുടര്‍നടപടികള്‍ക്കായുള്ള സമിതിക്കു വിടും.
കേസുകള്‍മൂലം തൊഴില്‍ പ്രതിസന്ധി നേരിടേണ്ടിവരുന്നവര്‍ക്ക് തൊഴില്‍മേഖല മാറാനും മന്ത്രാലയം അനുമതി നല്‍കും. സ്വദേശികളുടെ സംവരണ വിഭാഗത്തില്‍പ്പെടുത്തി മാറ്റി നിര്‍ത്താത്ത എല്ലാ വിഭാഗങ്ങളിലും ഇത്തരകാര്‍ക്ക് ജോലി ചെയ്യാമെന്നും തൊഴില്‍മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല