സ്വന്തം ലേഖകന്‍: പ്രൊഫൈല്‍ ടാഗിംഗ് സൗകര്യവുമായി ഫേസ്ബുക്ക് വരുന്നു, ലക്ഷ്യം ലിങ്ക്ഡ് ഇന്‍ നെറ്റ്വര്‍ക്ക്. അംഗങ്ങള്‍ നല്കുന്ന സ്വന്തം വിശദാംശങ്ങള്‍ക്കു പുറമേ, അംഗങ്ങളെക്കുറിച്ച് പ്രത്യേക ടാഗുകളിലുടെ സ്വന്തമായോ സുഹൃത്തുക്കള്‍ക്കോ വിവരങ്ങളും വിശേഷണങ്ങളും ചേര്‍ക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.
ബഹുമുഖ പ്രതിഭകളെ ശരിയായി വിശേഷിപ്പിക്കാന്‍ ഈ സേവനം ഉപകാരപ്രദമാകും. ഉദാഹരണത്തിന് സാമൂഹ്യപ്രവര്‍ത്തകനായ ഒരാള്‍ നല്ലൊരു പാട്ടുകാരന് കൂടിയാണെങ്കില്‍ അത് സുഹൃത്തുക്കള്‍ക്ക് ഒരു ടാഗായി അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ഈ വ്യക്തിയെക്കുറിച്ച് വ്യക്തമായ ധാരണ ഇദ്ദേഹത്തിന്റെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവര്‍ക്കും ഇയാളെ പറ്റി അടുത്തറിയാത്ത ഫെയ്സ്ബുക്കിലെ മറ്റ് സുഹൃത്തുക്കള്‍ക്കും നല്‍കുക എന്നതാണ് പ്രൊഫൈല്‍ ടാഗുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്.
സുഹൃത്തുക്കള്‍ നിങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടാഗുകള്‍ നിങ്ങള്‍ അനുവദിക്കുന്ന പക്ഷം മാത്രമേ പ്രൊഫൈലില്‍ ചേര്‍ക്കപ്പെടുകയുള്ളൂ. ഈ സൗകര്യം നിലവില്‍ വന്ന് കഴിഞ്ഞാല്‍ നിങ്ങളുടെ കഴിവുകള്‍, പ്രത്യേകതകള്‍, താല്പര്യങ്ങള് എന്നിവ പ്രകടമാക്കുന്ന രീതിയില്‍ സ്വയം നല്കുന്ന ടാഗുകള്‍, സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ചാര്‍ത്തിത്തരുന്ന വിശേഷണ ടാഗുകള്‍ എന്നിവ പ്രൊഫൈലിന്റെ ഭാഗമായി സ്ഥിരമായി ഉള്‍പെടുത്താന്‍ സാധിക്കും.
ന്യുസിലന്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയ ഈ സേവനം ഉടന്‍ തന്നെ മറ്റു രാജ്യങ്ങളില്‍ ലഭ്യമാകുമെന്നാണ് സൂചന. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ലിങ്ക്ഡ് ഇനാണ് ആദ്യമായി ഈ ആശയം നടപ്പിലാക്കിയത്. ഫേസ്ബുക്ക് പ്രൊഫൈല്‍ ടാഗുകള്‍ സ്വന്തമാക്കുമ്പോള്‍ ലിങ്ക്ഡ് ഇന്‍ അംഗങ്ങളെക്കൂടി നോട്ടമിടുന്നുണ്ടെന്ന് സാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല