സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലേയും പാകിസ്താനിലേയും ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാമെന്ന് ഇന്ത്യ. മാതൃരാജ്യത്ത് പീഡനം അനുഭവിക്കുന്ന ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വമോ ദീര്‍ഘകാല വിസയോ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ദീര്‍ഘകാല വിസയോ പൗരത്വമോ ലഭിക്കുമെന്ന പ്രതീക്ഷയോടെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പാര്‍ലിമെന്റില്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള പലരും ഒരു രേഖയുമില്ലാതെയാണ് വരുന്നത്. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്നവരുടെ കൈയിലും നിയമസാധുതയുള്ള രേഖകളില്ല.
ഇവര്‍ക്കെല്ലാം ദീര്‍ഘകാല വിസയോ പൗരത്വമോ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി വിസയും പൗരത്വവും നല്‍കാനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കിയതായും അദ്ദേഹം പറഞ്ഞു. ചോദ്യോത്തര വേളയില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി കിരണ്‍ റിജിജു.
ബംഗ്ലാദേശില്‍ നിന്ന് വരുന്ന ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്ന സംബന്ധിച്ച പ്രശ്‌നം ഉയര്‍ത്തിയ ബി ജെ പി. എം പിമാരായ ബിജോയ് ചക്രവര്‍ത്തിക്കും എസ് എസ് അഹ്‌ലുവാലിയക്കും, സംഭവത്തില്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തുമെന്ന് കിരണ്‍ റിജിജു മറുപടി നല്‍കി. 1955 ലെ സിറ്റിസന്‍ഷിപ്പ് ആക്ട് പ്രകാരവും അതിന് കീഴിലുള്ള വ്യവസ്ഥകളനുസരിച്ചുമാണ് പൗരത്വം നല്‍കുന്നത്.
ആക്ട് പ്രകാരം ജനനം വഴിയും വംശപരമായും രജിസ്‌ട്രേഷന്‍ വഴിയും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നു. കൂടാതെ, വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നത് വഴിയും ഭൂപ്രദേശങ്ങള്‍ കൂട്ടിചേര്‍ക്കുന്നത് വഴിയും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതാണ്. ദീര്‍ഘകാല വിസ നയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത വിഭാഗം പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കുന്നുമുണ്ട്, മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല