സ്വന്തം ലേഖകന്‍:മാവോയിസ്റ്റുകള്‍ പത്തു വര്‍ഷത്തിനിടെ 4545 പേരെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് ഇത്രയും പേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 2780 നാട്ടുകാരും 1765 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
തീവ്ര ഇടതുപക്ഷ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇവര്‍ മലയോര ജനവിഭാഗങ്ങളുടെയും ദലിതരുടെയും പ്രശ്നങ്ങളില്‍ ഇടപെടാറുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും കൊന്നൊടുക്കിയത് ജനകീയ പ്രതിരോധങ്ങളുടെ പേരിലല്ല.
ബീഹാര്‍, ജാര്‍ഖണ്ഡ്, യുപി എന്നിവിടങ്ങളിലെ ഖനി ലൈസന്‍സുകളുടെ മറവില്‍ വന്‍തോതില്‍ സ്ഫോടകവസ്തു (ആര്‍ഡിഎക്സ്) കടത്താന്‍ തീവ്രവാദ സംഘടനകള്‍ മാവോയിസ്റ്റ് സംഘടനകളെ മറയാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ പലരും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ജനങ്ങളുടെ കൂട്ടത്തില്‍ ഇവരെ എതിര്‍ത്ത യഥാര്‍ഥ മാവോയിസ്റ്റ് അനുഭാവികളുമുണ്ടെന്നാണു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
സ്ഫോടക വസ്തുവായ അമോണിയം നൈട്രേറ്റ്, കേരളത്തില്‍ പാറമട ലൈസന്‍സ് പ്രകാരം ലഭിക്കുന്നതു പോലെയാണ് ഉത്തരേന്ത്യയിലെ കല്‍ക്കരി ഖനികള്‍ക്ക് ആര്‍ഡിഎക്സ് ലഭിക്കുന്നത്. ഖനിതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെട്ടു സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചാണ് ഇവരുടെ വിശ്വാസം ആര്‍ജിച്ചു തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നത്.
ഇതിന്റെ മറവില്‍ വന്‍തോതില്‍ ആര്‍ഡിഎക്സ് മോഷ്ടിക്കപ്പെട്ടതായും പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനം നിലച്ച ഖനികളുടെ ലൈസന്‍സില്‍ ലഭിക്കുന്ന സ്ഫോടക വസ്തുക്കളും തീവ്രവാദികള്‍ പണം കൊടുത്തു വാങ്ങിയെന്നാണു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല