സ്വന്തം ലേഖകന്‍: സഹോദരനെ തൂക്കിക്കൊന്നതിന് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന്റെ ഭീഷണി. യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിവസം ടൈഗര്‍ മേമന് വീട്ടിലേക്ക് വിളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. യാക്കൂബിന്റെ മരണത്തിന് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
3 മിനിറ്റോളം നീണ്ടുനിന്ന ടെലിഫോണ്‍ സംഭാഷണം അന്വേഷണ സംഘം പരിശോധിച്ചതായതാണ് സൂചന. ഏറെ നാളുകള്‍ക്കു ശേഷമാണ് ഒളിവിലായിരുന്ന ടൈഗര്‍ മേമന്റെ ശബ്ദം രഹസ്യാന്വേഷണ ഏജന്‍സികള്‍ കേള്‍ക്കുന്നത്. യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിന് ഒന്നര മണിക്കൂറോളം മുമ്പാണ് ടൈഗര്‍ മേമന് ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് വിളിച്ചത്.
അമ്മയോട് സംസാരിക്കണമെന്ന് ആവശ്യം പ്രകടിപ്പിച്ചപ്പോള്‍ ഇരുവരുടെയും അമ്മയായ ഹനീഫ ഫോണെടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന അപരിചിതനായ ഒരാള്‍ ഭായിജാനിനോട് സംസാരിക്കണമെന്ന് ഹനീഫയെ നിര്‍ബന്ധിച്ചു. തുടര്‍ന്നാണ് താന്‍ പകരം വീട്ടുമെന്ന് ടൈഗര്‍ മേമന് പറഞ്ഞത്.
എന്നാല്‍, അമ്മയായ ഹനീഫ ഇതിനെ എതിര്‍ക്കുകയും അക്രമം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യത്തെ സംഭവത്തില്‍ യാക്കൂബിനെ നഷ്ടപ്പെട്ടെന്നും ഇനി ആളുകള്‍ മരിക്കുന്നത് കാണാന്‍ കഴിയില്ലെന്നു ഹനീഫ പറഞ്ഞു.എന്നാല്‍ തന്റെ പ്രതികാരം ആവര്‍ത്തിക്കുകയാണ് സംഭാഷണത്തില്‍ ടൈഗര്‍ ചെയ്യുന്നത്. നേരത്തെ യാക്കൂബ് മേമന്റെ വധശിക്ഷക്ക് ഇന്ത്യയോട് പകരം വീട്ടുമെന്ന് അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹീം ഭീഷണി മുഴക്കിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല