1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2015

സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് വിദഗ്ധ സമിതി, കേരളത്തിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. പുതിയ ഡാം പണിയുന്നതിന് അനുവാദം നല്‍കാനാവില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി രേഖാമൂലം കേരളത്തെ അറിയിച്ചു.

അതേസമയം, തീവ്രവാദ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജി ഇന്നു വീണ്ടും സുപ്രീംകോടതി പരിഗണിക്കും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിനു പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള അനുമതിക്കു കേരളം വിദഗ്ധസമിതിയെ സമീപിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ഇതിനു വിദഗ്ധ സമിതി അനുവാദം നല്‍കുകയും ചെയ്തു. കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ കേരളത്തിന് അനുകൂല തീരുമാനമായിരുന്നു ഉണ്ടായത്. എന്നാല്‍ തമിഴ്‌നാടിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് യോഗം ഈ തീരുമാനം പിന്‍വലിക്കുകയും അനുമതി നല്‍കാനാവില്ലെന്ന് മിനുട്‌സില്‍ കുറിക്കുകയും ചെയ്തു. ഈ നിലപാടാണ് ഇപ്പോള്‍ കേരളത്തെ രേഖാമൂലം അറിയിച്ചിട്ടുള്ളത്.

ഇതോടെ പുതിയ ഡാം നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിനു തീവ്രവാദ ഭീഷണിയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ കേസില്‍ വാദം കേട്ട കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേരളത്തിനു നിര്‍ദേശം നല്‍കിയിരുന്നു. തേക്കടി ആസ്ഥാനമാക്കി പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ച് കൂടുതല്‍ പോലീസുകാരെ നിയോഗിച്ച് സുരക്ഷ വര്‍ധിപ്പിക്കാമെന്നും കേന്ദ്രസേനയുടെ ആവശ്യമില്ലെന്നുമാണു കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.