സ്വന്തം ലേഖകന്‍: മുംബൈയില്‍ ഓടുന്ന തീവണ്ടിയില്‍ ബലാത്സംഗം, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഗ്രാന്റ് റോഡ് സ്റ്റേഷനും ചര്‍നി റോഡ് സ്റ്റേഷനും ഇടയില്‍ വച്ചാണ് ഇരുപത്തിരണ്ടുകാരി പീഡപ്പിക്കപ്പെട്ടത്. സ്ത്രീകളുടെ സെക്കന്‍ഡ് ക്ലാസ്സില്‍ കയറിയ യുവാവ് കമ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്ത ഇയാള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.
പിന്നീട് സിഗ്നല്‍ ലഭിക്കുന്നതിനായി ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. നീല ടീഷര്‍ട്ടും ചുവപ്പ് പാന്റും ധരിച്ച ഇയാള്‍ ട്രെയിനില്‍ നിന്നിറങ്ങി വരുന്ന ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്. ഈ ദൃശ്യവും ഇയാളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ആക്രമിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ മറ്റ് കമ്പാര്‍ട്ട്മെന്റുകളില്‍ ഉണ്ടായിരുന്നവര്‍ പുതപ്പ് നല്കിയ ശേഷം മറീന്‍ ലൈന്‍സ് റെയില്‍വേ സ്റ്റേഷന് മാസ്റ്ററുടെ അടുക്കല്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പിടിക്കാനായി നാല് ടീമുകളെയാണ് പോലീസ് നിയോഗിച്ചിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പെണ്‍കുട്ടി പരാതി നല്കാന് തയ്യാറായിട്ടില്ല.
പെണ്‍കുട്ടിയോടൊപ്പം വേറെയും സ്ത്രീകള്‍ കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നെങ്കിലും ഗ്രാന്റ് സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും കമ്പാര്‍ട്ട്മെന്റ് വിജനമാകുകയായിരുന്നു. അതേസമയം രാത്രി ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ പോലീസ് സാന്നിധ്യമില്ലാത്തതിന്റെ പേരില്‍ റെയില്‍വേയ്ക്ക് എതിരെയും വിമര്‍ശനമുയരുന്നുണ്ട്.
രാത്രി ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ റെയില്‍വേ പോലീസ് ഉണ്ടാകുമെന്നും വ്യാഴാഴ്ച രാത്രി സ്റ്റാഫ് റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്നമാണ് സംഭവം നടന്ന കമ്പാര്‍ട്ട്മെന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതെ പോകാന്‍ കാരണമെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല