സ്വന്തം ലേഖകന്‍: മലബാറിന് വികസന കുതിപ്പേകാന്‍ പൊന്നാനി തുറമുഖത്തിന്റെ നിർമ്മാണം തുടങ്ങി. തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഒപ്പം പുലിമുട്ടിനോടു ചേര്‍ന്ന ഭാഗത്ത് കല്ലിടുന്ന ജോലികളും ആരംഭിച്ചു.
കേരളത്തിലെ ചെറുതും വലുതുമായ തുറമുഖങ്ങള്‍ വികസിപ്പിച്ച് ജലമാര്‍ഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്താനാണു സര്‍ക്കാരിന്റെ ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ജലപാതയുടെ കോവളം–കോട്ടപ്പുറം ഭാഗവും കോട്ടപ്പുറം–മഞ്ചേശ്വരം ഭാഗവും പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണമായും സ്വകാര്യപങ്കാളിത്തത്തോടെ 763 കോടി രൂപ ചെലവില്‍ മൂന്നുവര്‍ഷം കൊണ്ടു പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ചെന്നൈയിലെ മലബാര്‍ പോര്‍ട് പ്രൈവറ്റ് ലിമിറ്റഡിനാണു നിര്‍മാണച്ചുമതല.
30 വര്‍ഷത്തേക്കു തുറമുഖത്തിന്റെ നടത്തിപ്പ് ഈ കമ്പനിക്കായിരിക്കും.
വരുമാനത്തിന്റെ നിശ്ചിതശതമാനം കമ്പനി ഈ കാലയളവില്‍ സര്‍ക്കാരിലേക്ക് അടയ്ക്കുന്ന രീതിയിലാണു നടത്തിപ്പ് കരാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല