സ്വന്തം ലേഖകന്‍: അവിഹിത ബന്ധം പുറത്തായി, യുപിയില്‍ ആള്‍ദൈവം പിടിയില്‍. അവിഹിതബന്ധ ദൃശ്യങ്ങള്‍ പ്രാദേശിക ചാനല്‍ പുറത്തുവിട്ടതാണ് ആള്‍ദൈവത്തെ കുടുക്കിയത്. ഉത്തര്‍പ്രദേശിലെ കേന്ദ്രപര ജില്ലയില്‍ ആശ്രമം നടത്തുന്ന സാരഥി ബാബയെയാണ് ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തത്.
ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിവന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ബാബയെ അറസ്റ്റ് ചെയ്തത്. ആശ്രമത്തിലും കട്ടക്കിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും 10 മണിക്കൂര്‍ ചോദ്യംചെയ്യലിനൊടുവില്‍ ശനിയാഴ്ച രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടങ്കലില്‍വെക്കല്‍ വകുപ്പുപ്രകാരവും ആയുധനിയമം, പട്ടികജാതിപട്ടികവര്‍ഗ സംരക്ഷണനിയമം എന്നിവയനുസരിച്ചുമാണ് അറസ്റ്റെന്ന് ഒഡിഷ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ബി.കെ. ശര്‍മ അറിയിച്ചു.
ഒരു സ്ത്രീയോടൊപ്പം ഹൈദരാബാദിലെ ഹോട്ടലില്‍ സാരഥി ബാബ മൂന്നുദിവസം തങ്ങിയ ചിത്രങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. യുവതി ഭാര്യയാണെന്നായിരുന്നു ഇദ്ദേഹം മറ്റുള്ളവരെ ധരിപ്പിച്ചത്.
വാര്‍ത്ത പുറത്തുവന്നതോടെ ഇയാള്‍ സംഭവം നിഷേധിക്കുകയും ചാനലിനെതിരെ നിയമനടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ദൃശ്യങ്ങള്‍കണ്ട പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തത്തെി. പ്രക്ഷോഭം ജനങ്ങളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ പ്രദേശത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചു.
ഇവിടത്തെ എസ്.പിയെ സ്ഥലംമാറ്റുകയും ആള്‍ദൈവത്തിനെതിരായ ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. കഴിഞ്ഞ ദിവസം ആശ്രമത്തില്‍ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് നിരവധി രേഖകളും പണവും സ്വര്‍ണം, വെള്ളി തുടങ്ങിയവയും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ട് രേഖകളും നിരവധി ചിത്രങ്ങളും ആശ്രമത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തത്തെി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല