സ്വന്തം ലേഖകന്‍: യുഎഇയിലെ യുവാക്കള്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതായി പഠനം. യുവാക്കള്‍ കൂടുതല്‍ സ്വകാര്യമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തേടിപ്പോകുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുഎഇയില്‍ മുപ്പത് വയസിന് താഴെയുള്ളവര്‍ക്കിടയിലാണ് ഫേസ്ബുക്കിന് പ്രിയം കുറയുന്നത്.
രാജ്യത്ത് മൊത്തത്തില്‍ ഫെയ്‌സ്ബുക്ക് ഉപയോഗം കൂടിയെങ്കിലും യുവജനങ്ങള്‍ക്കിടയില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ഒക്ടോബര്‍ 2014 ലെ കണക്ക് പ്രകാരം അഞ്ച് മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളാണ് യു.എ.ഇയില്‍ ഉള്ളത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി യു.എ.ഇയില്‍ മുപ്പത് വയസിന് താഴെയുള്ളവരുടെ ഫേസ്ബുക്ക് ഉപയോഗം കുറയുകയാണ്. സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മറ്റ് സോഷ്യല്‍ മീഡിയകളിലേക്ക് യുവജനങ്ങള്‍ ചേക്കേറുന്നതാണ് ഇതിന് കാരണം.
ജനങ്ങളുടെ ആചാരത്തെ വരെ മാറ്റുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ ഗുരുതര പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മാതാപിതാക്കള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ എടുക്കാന്‍ തുടങ്ങിയതോടെ യുവജനങ്ങളില്‍ പലരും കൂടുതല്‍ സ്വകാര്യത തേടി മറ്റ് സോഷ്യല്‍ മീഡിയകളിലേക്ക് ചേക്കേറിയതാണെന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്.
ഫേസ്ബുക്ക് ഷെയര്‍ ചെയ്യുന്നവ, പരസ്യം നല്‍കുന്നവര്‍ ഉപയോഗപ്പെടുന്നതിനെക്കുറിച്ച് ബോധമുള്ളത് കൊണ്ട് മറ്റ് സോഷ്യല്‍ മീഡിയകളിലേക്ക് മാറിയവരുമുണ്ട്. യുവജനങ്ങള്‍ പുറകോട്ടാണെങ്കിലും സൗദി അറേബ്യക്ക് തൊട്ട്പിന്നില്‍ ജി.സി.സിയിലെ രണ്ടാമത്തെ വലിയ ഫേസ്ബുക്ക് ജനതയാണ് യു.എ.ഇയിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല