സ്വന്തം ലേഖകന്‍: വഞ്ചനാ കുറ്റം, ഉത്തര കൊറിയയില്‍ ഉപപ്രധാനമന്ത്രിക്ക് തൂക്കുകയര്‍. ഉത്തരകൊറിയന്‍ ഉപപ്രധാനമന്ത്രി ചോ യോങ്ഗോനിനെയാണ് ഏകാധിപതി കിം ജോങ് ഉന്‍ വഞ്ചനാക്കുറ്റം ചുമത്തി വധിച്ചത്. രാഷ്ട്രത്തലവനായ കിം ജോങ് ഉന്നിന്റെ തീരുമാനങ്ങളില്‍ വിയോജിച്ചതാണ് ചോ യോങ്ങിനെതിരെയുള്ള കുറ്റം.
ദക്ഷിണ കൊറിയന്‍ സര്‍ക്കാറാണ് വാര്‍ത്ത പുറത്തുവിട്ടത്. കിം ജോങ് ഉന്നിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കൊല നടന്നതെന്നും ‘യോന്‍ഹപ്’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍
ഉത്തര കൊറിയ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ദക്ഷിണ കൊറിയ പുറത്തുവിടുന്ന വാര്‍ത്തകള്‍ ഉത്തരകൊറിയ സാധാരണ സ്ഥിരീകരിക്കാറില്ല.
കിം ജോങ് ഉന്‍ അധികാരമേറ്റശേഷം കൊല്ലപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇതോടെ 70 ആയി. ചോ യോങ്ങിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഉത്തര കൊറിയയിലെ സംഭവവികാസങ്ങള്‍ തങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നതായും ദക്ഷിണ കൊറിയ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് രാജ്യത്തെ ഏഴ് ഉപ പ്രധാനമന്ത്രിമാരില്‍ ഒരാളായി ചോ നിയമിക്കപ്പെട്ടത്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു ഈ നിയമനം.
2015 തുടങ്ങിയതില്‍ പിന്നെ കിം ജോങ് ഉന്‍ ഭരണകൂടം 15 സുപ്രധാന ഉദ്യോഗസ്ഥരെയാണ് വിവിധകുറ്റങ്ങള്‍ ചുമത്തി വധിച്ചത്. പ്രതിരോധമന്ത്രി ജനറല്‍ ഹ്യോന്‍ യോങ് ചോളിനെ രണ്ടുമാസം മുമ്പ് രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചു. സൈനികഅക്കാദമിയില്‍ നൂറുകണക്കിനുപേര്‍ നോക്കിനില്‍ക്കെ വിമാനവേധ തോക്കുപയോഗിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല