സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് നിരോധനം ബോംബെ ഹൈക്കോടതി നീക്കി. പുതിയ പരിശോധന നടത്താന്‍ ഉത്തരവ്. രാജ്യ വ്യാപകമായി നിലനിന്ന നിരോധമാണ് പിന്‍വലിച്ചത്. മാഗി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നെസ്!ലെ നല്കിയ ഹരജിയിലായിരുന്നു ബോംബെ ഹൈക്കോടതി വിധി. ആറാഴ്ചത്തേക്കാണ് നിരോധം നീക്കിയത്. മാഗി നൂഡില്‍സിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പുതിയ പരിശോധന നടത്താനും കോടതി ഉത്തരവിട്ടു.
മൂന്നു ലാബുകളിലായി അഞ്ച് സാമ്പിളുകള്‍ പരിശോധിക്കണം എന്നാണ് കോടതി നിര്‍ദേശം. സ്വാഭാവിക നീതിയുടെ നിഷേധമാണ് നിരോധമെന്നും കോടതി ചൂണ്ടിക്കാട്ടി. നിരോധം ഭരണഘടനാ വിരുദ്ധമാണെന്നും വ്യാപാര സ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്നുമായിരുന്നു മാഗി ഉല്പാദകരായ നെസ്ലെയുടെ വാദം.
കമ്പനി നടത്തിയ പരിശോധനയില്‍ മാഗിയില്‍ ആരോഗ്യത്തിന് ഹാനികരമായ ഒന്നും കണ്ടെത്താനായില്ലെന്നും വിവിധ വിദേശ രാജ്യങ്ങളില്‍ ഇപ്പോഴും മാഗി വില്‍ക്കുന്നതിന് തടസ്സങ്ങളില്ലെന്നും കമ്പനി കോടതിയില്‍ വാദിച്ചു. മാഗി പാക്കറ്റുകളില്‍ കൂടിയ അളവില്‍ ലെഡിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം മാഗി നിരോധിച്ചത്.
അതിനിടെ നെസ്ലെയില്‍ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്കി. പരസ്യത്തിലൂടെ ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല