സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപക്കൊപ്പം ചൈനീസ് കറന്‍സി യുവാന്റെ വിലയും ഇടിഞ്ഞു, ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും പണമൊഴുക്ക്. ഇന്നലെ രൂപയുടെ വില ഒരു ഡോളറിന് 65.10 എന്ന നിലവാരത്തിലെത്തി. രണ്ടു വര്‍ഷത്തിനിടയില്‍ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.
ചൈനീസ് കറന്‍സിയുടെ മൂല്യം കുറച്ചതു മൂലം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങളുടെയും വില കുറയുമെന്നതിനാല്‍ അതേ ഉല്പന്നങ്ങള് ഇവിടെ ഉണ്ടാക്കുന്നവര്‍ക്കു തിരിച്ചടിയാകും. ചൈനയുമായി വിദേശത്തു മല്‍സരിക്കേണ്ട കേരള ഉല്പന്നങ്ങള്ക്കും ഇത് വെല്ലുവിളിയാണ്.
ഏഷ്യയിലെ രണ്ടു വന്‍ശക്തി കറന്‍സികളുടെ മൂല്യം ഇടിഞ്ഞത് ഇന്ത്യയും ചൈനയും തമ്മിലുള്ള കറന്‍സി യുദ്ധമാണ് നടക്കുന്നതെന്ന ആശങ്ക പരത്തിയിട്ടുണ്ട്. ഒപ്പം വിദേശ യാത്രക്കു ചെലവു കൂടും. വിദേശത്തു നിന്നു വരുന്ന പുസ്തകങ്ങള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാക്ടറി യന്ത്രസാമഗ്രികള്‍ തുടങ്ങിയവയുടെ വിലയും വര്‍ധിക്കും.
അതേസമയം കറന്‍സിക്ക് ഇനി മൂല്യം ഇടിയില്ലെന്നു ചൈനീസ് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു. യുവാന്റെ മൂല്യം ഡോളറിന് 6.4 യുവാന്‍ എന്ന നിലയിലാണിപ്പോള്‍. ഏകദേശം 10 രൂപയാണ് ഒരു യുവാന്റെ ഇന്നലത്തെ വില. 2013 സെപ്റ്റംബര്‍ ആറിന് ഒരു ഡോളറിന് 65.24 രൂപ രേഖപ്പെടുത്തിയശേഷം രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോഴത്തേത്.
യുവാന്റെ മൂല്യം കുറഞ്ഞതോടെ ഡോളറിന് ആഗോള വിപണിയില്‍ മൂല്യമേറുന്നുണ്ട്. ഇതു എണ്ണവിലയിലും പ്രതിഫലിച്ചേക്കും. ഡോളറിന് 65 രൂപയിലെത്തിയതു പ്രവാസികള്‍ക്കും കേരളത്തിന്റെ ഐടി – ടൂറിസം രംഗങ്ങള്‍ക്കും നേട്ടമാവും.
പ്രവാസികള്‍ക്കും പ്രവാസി നിക്ഷേപം ഒഴുകിയെത്തുന്ന ബാങ്കുകള്ക്കുമാണു വലിയ നേട്ടം. യുഎഇ ദിര്‍ഹം ഇന്നലെ പതിനേഴര രൂപയ്ക്കടുത്തെത്തിയിരുന്നു. പ്രവാസികളുടെ അവിടുത്തെ കറന്‍സിയില്‍ ലഭിക്കുന്ന ശമ്പളം കൂടിയില്ലെങ്കിലും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഇതോടെ വര്‍ധന വരും. 1000 യുഎഇ ദിര്‍ഹം അയച്ചാല്‍ 17500 രൂപയ്ക്കടുത്തു ലഭിക്കും.
രൂപയുടെ വില കൂപ്പുകുത്തിയതോടെ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള പണമൊഴുക്കും വര്‍ധിച്ചു. യുഎഇയിലെ മണി എക്സ്ചേഞ്ചുകളില്‍ ഇന്നലെയും തിരക്കനുഭവപ്പെട്ടു. ദിര്‍ഹത്തിന് ഇന്നലെ 10 പൈസയോളം കൂടി. 17.67 രൂപ ആയിരുന്നു ഇന്നലെ വൈകിട്ടത്തെ നിരക്ക്.
ഖത്തര്‍ റിയാലിന് 17.75 രൂപ, സൗദി റിയാലിന് 17.40 രൂപ, ബഹ്റൈന്‍ ദിനാറിന് 172.93, കുവൈത്ത് ദിനാറിന് 215.73, ഒമാന്‍ റിയാലിന് 169.60 എന്നിങ്ങനെയാണ് ഗള്‍ഫ് കറന്‍സികളുടെ വില.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല