സ്വന്തം ലേഖകന്‍: അജ്മാനില്‍ വന്‍ തീപിടുത്തം, മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് താമസസ്ഥലം നഷ്ടമായി. അജ്മാന് അല്‍ബുസ്താലെ ഗോള്‍ഡ് സൂഖിനും അജ്മാന് മ്യൂസിയത്തിനും സമീപത്തുള്ള ബുസ്താന്‍ ടവറിലാണ് തീ പടര്‍ന്നത്.ഇന്ത്യക്കാരന്റെ ഫ്ലാറ്റില്‍ നിന്നാണ് തീ കത്തിത്തുടങ്ങിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കത്തിനശിച്ച ഫ്ലാറ്റുകളില്‍ മിക്കതും മലയാളികളുടേതാണ്. പല കുടുംബങ്ങളും വേനലവധിക്ക് നാട്ടിലായതിനാല്‍ വന്‍ അപകം ഒഴിവായി. ഫ്ലാറ്റുകളിലുണ്ടായിരുന്ന വില പിടിപ്പുള്ള ഇലക്ട്രോണിക്സ് സാധനങ്ങളും ചിലരുടെ പാസ്പോര്‍ട്ടും മറ്റു താമസ കുടിയേറ്റ രേഖകളും കത്തിനശിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മൂന്ന് പാര്‍ക്കിങ് നിലയുള്‍പ്പെടെ 20 നിലകളുള്ള കെട്ടിടത്തില്‍ പുലര്‍ച്ചെ 3.45 നായിരുന്നു തീ കണ്ടത്. ഒന്നാം നിലയില്‍ നിന്ന് ആരംഭിച്ച തീ മുകളിലോട്ട് പടര്‍ന്ന് ഒരു ഭാഗത്തുള്ള ഇരുപത് ഫ്ലാറ്റുകള്‍ പൂര്‍ണമായും കീഴ്പ്പെടുത്തുകയായിരുന്നു. താമസക്കാരില്‍ മിക്കവരും ഉറക്കത്തിലായതിനാല്‍ തീപടര്‍ന്നത് അറിയാന്‍ താമസിച്ചതും നാശനഷ്ടങ്ങള്‍ കൂടാന്‍ കാരണമായി.
പുക ശ്വസിച്ച് അസ്വസ്ഥരായവര്‍ക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. അജ്മാന്, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിയ സിവില്‍ ഡിഫന്‍സ് ഭീമന് ക്രെയിനുകളുപയോഗിച്ച് വെള്ളം ചീറ്റിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിബാധയുടെ കാരണം തേടി പൊലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല