സ്വന്തം ലേഖകന്‍: റോഡു കുഴിച്ചു കുളമാക്കിയത് മതിയെന്ന് ടെലികോം കമ്പനികളോട് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്തെ റോഡുകളില്‍ കേബിളിടാന്‍ കുഴിയെടുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഴുവന്‍ ടെലികോം കമ്പനികള്‍ക്കും പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്കി. ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനുള്ള റൈറ്റ് ഓഫ് വേ അനുമതി നല്കുന്നതു വിവരസാങ്കേതിക വകുപ്പാണ്. എന്നാല്‍ വിവരസാങ്കേതിക വകുപ്പിന്റെ അനുമതി ഇല്ലാതെ അനധികൃതമായി ചില കമ്പനികള്‍ കേബിളിടാനെന്ന പേരില്‍ റോഡില്‍ കുഴിയുണാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്തു വകുപ്പിന്റെ നടപടി.
റീടാറിങ് നടത്തി വൃത്തിയാക്കിയ സംസ്ഥാനത്തെ പല റോഡുകളുടെയും അരിക് വെട്ടിപ്പൊളിക്കാന്‍ ആരംഭിച്ചതോടെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഇതുസംബന്ധിച്ച് അന്വേഷിച്ചത്. എന്നാല്‍ തങ്ങള്‍ക്കു വിവര സാങ്കേതിക വകുപ്പിന്റെ അനുമതിയുണ്ടെന്ന് കേബിള്‍ കമ്പനികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരസാങ്കേതിക വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ഒരു അനുമതി നല്‍കിയിട്ടില്ലെന്നു ബോധ്യമായി.
ഏതൊക്കെ കമ്പനികള്‍ക്ക്, ഏതൊക്കെ റോഡ് വഴി കേബിളുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയെന്നും അവര്‍ എത്രഭാഗത്ത് കേബിളുകള്‍ സ്ഥാപിച്ചു, ഇനി ഏതൊക്കെ സ്ഥലങ്ങളിലാണ് സ്ഥാപിക്കാനുള്ളത് തുടങ്ങി സകലവിവരങ്ങളും ബോധ്യപ്പെട്ടതിനു ശേഷം മതി അനുമതിയുള്ളവരും കേബിളുകള്‍ സ്ഥാപിക്കാന്‍ കുഴിയെടുക്കേണ്ടതെന്നു വകുപ്പ് തീരുമാനിക്കുകയായിരുന്നു. വിവരങ്ങള്‍ ലഭ്യമാക്കാന്‍ വിവരസാങ്കേതിക വകുപ്പിന് അടിയന്തര സന്ദേശം നല്കി.
റീടാറിങ് നടത്തി അധികം കഴിയും മുന്‍പേ വെട്ടിപ്പൊളിച്ചു കേബിളുകള്‍ സ്ഥാപിക്കുന്നത് പതിവാണ്. അനുമതിയില്ലാതെ കുഴിയെടുക്കുന്ന കമ്പനികള്‍ ശരിയായി മൂടാതെ സ്ഥലം വിടുകയും കുഴി വലുതായി ബൈക്ക് യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും മരണക്കുഴിയായി മാറുന്നതതും സാധാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല