സ്വന്തം ലേഖകന്‍: ഇ മൈഗ്രേറ്റ് സംവിധാനത്തിലെ പിഴവുകള്‍, ട്രാവല്‍ ഏജന്റുമാര്‍ മുംബൈ ഹൈക്കോടതിയില്‍ . എമിഗ്രേഷന്‍ ക്ലിയറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഇ മൈഗ്രേറ്റ് സംവിധാനത്തിലെ അപാകതകള്‍ക്കെതിരെയാണ് ട്രാവല്‍ ഏജന്റുമാര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.
വിദേശത്തേക്ക് ജോലിക്ക് പോവാന്‍ തെയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികളെ വിഷമവൃത്തത്തിലാക്കിയ ഇ മൈഗ്രേറ്റ് സംവിധാനത്തിലെ ഫോറിന് എംബ്ലോയര്‍ രജിസ്ട്രേഷനെതിരായാണ് ഏജന്‍സികള്‍ നിയമനടപടിയുമായി രംഗത്ത് വന്നത്.വിസ സ്റ്റാമ്പ് ചെയതതും അല്ലാത്തതുമായ ഉദ്യോഗാര്‍ഥികളാണ് ഈ സംവിധാനത്തില്‍ ദുരിതത്തിലായത്.
നിയമപ്രകാരം തൊഴിലുടമ അദ്ദേഹത്തിന്റെയും നടത്തുന്ന സ്ഥാപനത്തിന്റെയും നല്കുന്ന വിസയുടെയും വിശദവിവരങ്ങള്‍ ഇ മൈഗ്രേറ്റ് സംവിധാനത്തില്‍ അപ്ലോഡ് ചെയ്യണം. ഇതിന്റ ഒറിജിനല്‍ രേഖകള്‍ ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിക്കുകയും വേണം. എംബസി അധികൃതര്‍ ഇതെക്കുറിച്ച് അന്വേഷിച്ച വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമെ ഉദ്യോഗാര്‍ഥിക്ക് വിദേശത്തേക്ക് പോവാന്‍ കഴിയുകയുള്ളൂ.
എന്നാല്‍ തൊഴിലുടമകള്‍ ഇത്തരം സങ്കീര്‍ണമായ സംവിധാനത്തില്‍ റജിസ്ട്രേഷന് ചെയ്യാന്‍ തയ്യാറല്ലാത്തത് കൊണ്ട് എമിഗ്രേഷന്‍ സംവിധാനം നിശ്ചലമാണ്. ഇത് കാരണം വിസ സ്റ്റാമ്പ് ചെയ്ത് എമിഗ്രേഷന്‍ ക്ലിയറന്‍സിനു വേണ്ടി മാത്രം കാത്തുനില്ക്കുന്നവര് അമ്പതിനായിരത്തോളം വരും.
ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ ഇ മൈഗ്രേറ്റ് സംവിധാനത്തില്‍ ഇത്തരമൊരു നിയമം കൊണ്ട് വന്നത്. ഇതുപ്രകാരം 85 ചോദ്യങ്ങള്‍ക്ക് വിദേശ തൊഴിലുടമകള്‍ മറുപടി നല്‍കണം. നിരവധി രേഖകളും അവര്‍ അപ്ലോഡ് ചെയ്യുകയും എംബസിയില്‍ നേരിട്ട് സമര്‍പ്പിക്കുകയും വേണം. രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ മാത്രം മണിക്കൂറുകളെടുക്കും. ഇതോടെ കമ്പനികള്‍ നിയമങ്ങളൊന്നും ഇല്ലാത്ത ശ്രീലങ്ക, പാക്കിസ്താന് തുടങ്ങിയ രാജ്യങ്ങളിലെ ഉദ്യോഗാര്‍ഥികളെ തേടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല