സ്വന്തം ലേഖകന്‍: മണ്‍സൂണ്‍ ചതിച്ചു, രാജ്യം വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ഇത്തവണത്തെ മണ്‍സൂണിന്റെ മുക്കാല്‍ഭാഗവും പിന്നിട്ടിരിക്കേ മഴ 10% കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തമാക്കി. കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം മണ്‍സൂണ്‍ 10% കുറഞ്ഞാല്‍ അതു വരള്‍ച്ചയുടെ ലക്ഷണമാണ്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മണ്‍സൂണ്‍ കാലഘട്ടം. ഇനി ആറ് ആഴ്ചകളേ ബാക്കിയുള്ളൂ. ഈ മാസം തുടക്കത്തില്‍ മണ്‍സൂണ്‍ അഞ്ച് ശതമാനം കുറവായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 10 ശതമാനമായി. കഴിഞ്ഞവര്‍ഷം മണ്‍സൂണ്‍ 12% കുറവായിരുന്നു.
രാജ്യത്തെ മണ്‍സൂണ്‍ ഇത്തവണ വിചിത്രമായ രീതിയിലാണ് അനുഭവപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാന്‍, മധ്യപ്രദേശിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങള്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി. ഗുജറാത്ത്, ഒറീസ, ഛത്തീസ്ഗഡ്, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ആവശ്യത്തിന് മഴ ലഭിച്ചു.
അതേസമയം ബാക്കി പ്രദേശങ്ങളിലെല്ലാം മഴ വളരെ കുറവായിരുന്നു. ഇക്കൂട്ടത്തില്‍ കേരളവും ഉള്‍പ്പെടുന്നു. മണ്‍സൂണില്‍ 30% കുറവാണ് കേരളത്തില്‍ അനുഭവപ്പെട്ടത്. മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ചയാണെന്നാണ് പ്രവചനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല