സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം, സാധാരണക്കാരായ പ്രവാസികള്‍ക്ക് നിരാശ. നിക്ഷേപ വാഗ്ദാനങ്ങളും വമ്പന്‍ സ്വീകരണങ്ങളുമായി വര്‍ണാഭമായിരുന്നു സന്ദര്‍ശനമെങ്കിലും സാധാരണക്കാരായ പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സന്ദര്‍ശനം കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്ന ആരോപണമാണ് പൊതുവെ ഉയരുന്നത്.
പ്രവാസികളുടെ യാത്രാപ്രശ്നം അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പൂണ്ടതിന്റെ നിരാശയിലാണ് പ്രവാസികളില്‍ ഒരുവിഭാഗം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാന്‍ ഈ സന്ദര്‍ശനം ഉപകരിച്ചെങ്കിലും സാധാരണക്കാരായ പ്രവാസികള്‍ക്ക് ഒരു ഫലവുമുണ്ടായില്ല എന്ന പരാതിയുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വന്‍ സ്വീകരണമാണ് ഇന്ത്യന്‍ സമൂഹം നല്‍കിയത്. പതിനായിരങ്ങള്‍ ഒഴുകിയെത്തിയ ഈ പരിപാടിയില്‍, പ്രധാനമന്ത്രി സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് പരാമര്ശിക്കുമെന്നായിരുന്നു പ്രതീക്ഷ. യാത്രാപ്രശ്നം, വോട്ടവകാശം, പുനരധിവാസം തുടങ്ങിയ പ്രധാനപ്പെട്ട ഒരു വിഷയത്തിലും പ്രധാനമന്ത്രി സ്പര്‍ശിച്ചില്ല.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഗുണകരമായെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലേക്ക് യു.എ.ഇയില്‍ നിന്നുളള നിക്ഷേപം ആകര്ഷിക്കുന്നതിവും ഈ സന്ദര്‍ശനം സഹായകരമായി. എന്നാല്‍ 34 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ഒരു പ്രധാനമന്ത്രി യു.എ.ഇയില്‍ എത്തുമ്പോള്‍ സാധാരണക്കാരായ പ്രവാസികള്‍ക്കായി പുതിയ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷിച്ചവര്‍ നിരാശരാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല