സ്വന്തം ലേഖകന്‍: അപകടത്തില്‍ തകര്‍ന്ന ഇന്തോനേഷ്യന്‍ വിമാനത്തിലെ 54 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് രക്ഷപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് 54 പേരുടെ മൃതദേഹം കണ്ടെത്തിയത്. കത്തികരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ, വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തിയതായി ഇന്തൊനീഷ്യന്‍ അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ഇന്തൊനീഷ്യയിലെ പാപുവ മേഖലയിലെ പര്‍വതപ്രദേശത്താണു വിമാനം തകര്‍ന്നത്. ചെങ്കുത്തായ മലനിരകള്‍ രക്ഷപ്രവര്‍ത്തനത്തിനു തടസമായിരുന്നു.
പാപുവ തലസ്ഥാനമായ ജയപുരയിലെ സെന്താനി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനത്തിനു ലക്ഷ്യസ്ഥാനമായ ഓക്സിബിലില്‍ ഇറങ്ങുന്നതിനു പത്തു മിനിറ്റ് മുന്‍പാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടത്. വിമാനത്തില്‍ അഞ്ചു കുട്ടികളുള്‍പ്പെടെ 49 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണുണ്ടായിരുന്നത്. എല്ലാവരും ഇന്തൊനീഷ്യ സ്വദേശികളാണ്. ട്രിഗാന എയര്‍ സര്‍വീസിന്റെ എടിആര്‍ 42–300 വിമാനമാണ് അപകടത്തില്‍ പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല