സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ഇനിമുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. നിലവില്‍ 35,000 രൂപയായിരുന്ന പരിധിയാണ് 45000 രൂപയായി ഉയര്‍ത്തിയത്. ഒപ്പം 25,000 രൂപ കൂടി കൈയ്യില്‍ വക്കുന്നതിനും അനുവാദമുണ്ട്. നേരത്തെ ഡിക്ലയര്‍ ചെയ്യാതെ 10,000 രൂപയില്‍ കൂടുതല്‍ കൈവശം വക്കാന്‍ കഴിയില്ലായിരുന്നു.
ധനമന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ ‘കസ്റ്റംസ് ബാഗേജ് ഡിക്ലറേഷന്‍’ വ്യവസ്ഥകള്‍ പ്രകാരമാണ് പുതിയ മാറ്റങ്ങള്‍. മൂല്യപരിധിക്കു മുകളില്‍ ഒരു ലാപ്ടോപ് കംപ്യൂട്ടര്‍ കൂടി അനുവദിക്കും. അതായത്, 45,000 രൂപയുടെ പരിധി കഴിഞ്ഞാലും ഒരു ലാപ്ടോപ് കൂടി നികുതിയില്ലാതെ കൊണ്ടുവരാം. പുതുക്കിയ വ്യവസ്ഥയനുസരിച്ച് 45,000 രൂപക്കു മുകളില്‍ വിലയുള്ള വസ്തുക്കള്‍ കൊണ്ടുവരണമെങ്കില്‍ അധികമൂല്യത്തിന്റെ 36.05% നികുതി നല്‍കണം.
എന്നാല്‍ ചൈന, നേപ്പാള്‍, ഭൂട്ടാന്, മ്യാന്മര് എന്നീ രാജ്യങ്ങള്‍ക്ക് ഈ ഇളവുകള്‍ ബാധമല്ല. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് 6000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ മാത്രമേ നികുതിയില്ലാതെ കൊണ്ടുവരാനാകൂ. കൂട്ടത്തില്‍ സൗജന്യമായി കൊണ്ടുവരാവുന്ന പുകയിലയുടെയും അനുബന്ധ വസ്തുക്കളുടെയും അളവ് പകുതിയാക്കിയിട്ടുമുണ്ട്. 100 സിഗരറ്റും 25 സിഗാറും 125 ഗ്രാം പുകയിലയുമാണ് അനുവദനീയം.
മാംസം, മാംസ ഉല്പന്നങ്ങള്, മത്സ്യം, പാല് ഉല്പന്നങ്ങള്, വിത്ത്, ചെടികള്‍, പഴങ്ങള്‍, പൂക്കള്‍ തുടങ്ങിയവ കൊണ്ടുവരുന്ന പ്രവാസികള്‍ അവയുടെ ആകെ വിദേശനാണ്യ മൂല്യമെത്രയെന്നും രേഖപ്പെടുത്തി നല്‍കേണ്ടിയും വരും. കസ്റ്റംസ് ബാഗേജ് ഡിക്ലറേഷന്‍ വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്ക്കരിക്കുന്നതിന്റേയും കര്ശനമാക്കുന്നതിന്റേയും ഭാഗമായാണ് പുതിയ പരിഷ്കാരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല