സ്വന്തം ലേഖകന്‍: രൂപയുടെ വില വീണ്ടും താഴേക്ക്, ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം ഇനിയും കുറച്ചേക്കുമെന്ന അഭ്യൂഹമാണ് രൂപയുടെ വിലയിടിച്ചത്. വ്യാഴാഴ്ച ഇന്ത്യയില്‍ രൂപയുടെ വിനിമയ മൂല്യം ആറു വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കായ ഡോളറിന് 65.83 രൂപ എന്ന നിലയിലെത്തി. എന്നാല്‍ ഇന്നലെ രൂപ നില അല്‍പ്പം മെച്ചപ്പെടുത്തി 66.18 എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കയറ്റുമതി രംഗത്ത് മല്സരക്ഷമതയുയര്ത്താന് കറന്‍സിക്കു മൂല്യം കുറയ്ക്കുന്ന ചൈനീസ് തന്ത്രം കസഖ്സ്ഥാനും വിയറ്റ്നാമും പിന്തുടര്ന്നെങ്കിലും മറ്റു രാജ്യങ്ങള്‍ കറന്‍സി മൂല്യം കൂടുതല്‍ ഇടിയാതിരിക്കാനാണ് ശ്രമിക്കുന്നത്.ഇന്തൊനീഷ്യന്‍ കറന്‍സിയായ റുപിയ 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന മൂല്യത്തിലാണ് ഡോളറുമായി വിനിമയം നടത്തുന്നത്.ഇന്തൊനീഷ്യന്‍ കേന്ദ്ര ബാങ്ക് റുപിയയുടെ മൂല്യത്തിനു സ്ഥിരതയേകാന് വിവിധ നടപടികള്‍ സ്വീകരിച്ചു. അടിസ്ഥാന വായ്പാ നിരക്കുകള്‍ കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ കേന്ദ്ര ബാങ്കും കറന്‍സിയെ പിന്തുണയ്ക്കാന്‍ ഇടയ്ക്കിടെ വിപണിയില്‍ ഇടപെടുന്നു. മലേഷ്യയില്‍ കേന്ദ്ര ബാങ്ക് വിപണിയില്‍ ഡോളര്‍ ഇറക്കി ഡിമാന്‍ഡ് നേരിടാന്‍ ശ്രമിക്കുകയാണ്. ഇതോടെ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ആറു വര്‍ഷത്തെ എറ്റവും താഴ്ന്ന നിലയില്‍ എത്തുകയും ചെയ്തു. പെറു, മെക്സിക്കോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും ഡോളര്‍ വിറ്റഴിച്ച് സ്വന്തം കറന്‍സിയെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ്. ജോര്‍ജിയ, യുഗാണ്ട, കെനിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ പലിശനിരക്ക് ഉയര്‍ത്തുകയും ചെയ്തു. ചൈനയിലെ വ്യവസായോല്‍പാദന സൂചിക താഴ്ന്നത് മാന്ദ്യത്തിന്റെ ലക്ഷണമാണെന്നു വന്നതോടെ എണ്ണ ഉല്പാദക രാജ്യങ്ങളില്‍ കറന്‍സി പ്രതിസന്ധി കൂടിയിട്ടുണ്ട്. റഷ്യന്‍ കറന്‍സി റൂബിള്‍ ഇക്കൊല്ലത്തെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്കു വീഴുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല