ഫ്രഞ്ച് ട്രെയിനില്‍ ഭീകരാക്രമണം നടത്താനുളള ശ്രമം രണ്ട് അമേരിക്കന്‍ മറീനുകള്‍ തകര്‍ത്തു. ട്രെയിനിന്റെ ബാത്ത്‌റൂമിന് ഉള്ളില്‍നിന്ന് എകെ 47 തോക്ക് ലോഡ് ചെയ്യുന്ന ശബ്ദം കേട്ടാണ് അമേരിക്കന്‍ മറീനുകള്‍ ജാഗരൂകരായതും തീവ്രവാദികളെ കീഴ്‌പ്പെടുത്തി നൂറു കണക്കിന് ആളുകളുടെ ജീവന് രക്ഷകരായതും.
ആയുധങ്ങളില്ലാതെ ഭീകരരെ നേരിട്ട മറീനുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നിലഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. 200 റൗണ്ട് വരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കാനുള്ള തിര ഭീകരരുടെ പക്കലുണ്ടായിരുന്നു.
അമേരിക്കന്‍ മറൈനുകള്‍ക്ക് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസനൂവ് പറഞ്ഞു. ഇവരില്ലായിരുന്നെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദുഷ്‌കരമായ സാഹചര്യത്തിലും മനോധൈര്യം കൈവിടാതിരുന്ന മറീനുകളെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും ഫ്രഞ്ച് മന്ത്രി പറഞ്ഞു.
ആംസ്റ്റര്‍ഡാമില്‍ നിന്ന് പാരീസിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് തീവ്രവാദശ്രമം നടന്നത്. ഇതേ ട്രെയിനില്‍നിന്നു തന്നെ സംശയാസ്പദമായ സാഹചര്യത്തില്‍ മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍, ഇയാളുടെ വിവരങ്ങളും യുഎസ് മറീനുകളുടെ വിവരങ്ങളും ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് ഇവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല