ഇന്ധനമില്ലാതെ കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്ക് ജെറ്റ് എയര്‍വേസ് വിമാനം പറത്തിയ സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. വ്യോമയാന ചട്ട പ്രകാരം വിമാനത്തില്‍ മതിയായ ഇന്ധനം നിറയ്ക്കുന്നതില്‍ ജെറ്റ് എയര്‍വേസ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് ഡിജിസിഎ അന്വേഷിക്കും. അടിയന്തര സാഹചര്യത്തില്‍ പൈലറ്റ് സ്വീകരിക്കേണ്ട കാര്യങ്ങളില്‍ മലയാളിയായ പൈലറ്റ് വീഴ്ച്ച വരുത്തിയോ എന്നും ഡിജിസിഎ അന്വേഷിക്കുന്നുണ്ട്.
ഓഗസ്റ്റ് 18നായിരുന്നു 142 യാത്രക്കാരെ സുരക്ഷാഭീഷണയില്‍ നിര്‍ത്തിയുള്ള ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ യാത്ര. മൂടല്‍മഞ്ഞുമൂലം രാവിലെ കൊച്ചി വിമാനത്താവളത്തിലിറക്കാന്‍ പൈല്റ്റുമാര്‍ക്ക് കഴിഞ്ഞില്ല. മൂന്ന് വട്ടം നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ടശേഷം വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു. അവിടെയും ലാന്‍ഡ് ചെയ്യാന്‍ പൈലറ്റുമാര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു.
തിരുവനന്തപുരത്ത് ഇറങ്ങുമ്പോള്‍ വിമാനത്തില്‍ 270 കിലോഗ്രാം ഇന്ധനം മാത്രമാണ് ബാക്കിയുണ്ടായിരുന്നത് എന്നതാണ് വിവാദത്തിന് വഴിതെളിയിച്ചത്. യാത്രക്കായി 1500 കിലോഗ്രാം ഇന്ധനം നിറയക്കണം എന്നതാണ് ചട്ടം. അടിയന്തിര ഘട്ടങ്ങളില്‍ വിമാനം തിരിച്ചുവിടേണ്ടിവന്നാല്‍ അവിടെയെത്താനുള്ള റിസര്‍വ് ഇന്ധനവും കരുതണം. ഇക്കാര്യത്തില്‍ ജെറ്റ് എയര്‍വേസ് കമ്പനിക്ക് വീഴ്ചയുണ്ടായോ എന്നതാണ് ഡിജിസിഎ പ്രധാനമായും അന്വേഷിക്കുന്നത്.
കുറഞ്ഞ ഇന്ധനവുമായി 142 യാത്രക്കാരെയും വഹിച്ച് ഇത്രയും ദൂരം സഞ്ചരിച്ച പൈലറ്റുമാരുടെ നടപടി ഗുരുതരമായ കൃത്യവിലോപം എന്നാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. മലയാളി ഉള്‍പ്പെടെയുള്ള രണ്ട് പൈലറ്റുമാരും ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല