സ്വന്തം ലേഖകന്‍: കൊറിയകള്‍ക്കിടയില്‍ മഞ്ഞുരുകുന്നു, അതിര്‍ത്തിയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം. ദക്ഷിണ, ഉത്തര കൊറിയകള്‍ക്കിടയിലെ സംഘര്‍ഷത്തിന് അയവു വരുത്തിക്കൊണ്ട് അതിര്‍ത്തിയില്‍ ചര്‍ച്ച നടത്താനാണ് പുതിയ തീരുമാനം.
യുദ്ധാന്തരീക്ഷം ലഘൂകരിക്കലാണ് ഉദ്ദേശ്യമെന്നും ഇരുരാജ്യങ്ങളിലേയും ഉന്നതനേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വാര്‍ത്താ ഏജന്‍സി യോന്‍ഹാപ് അറിയിച്ചു.
അതിര്‍ത്തിയില്‍ ദക്ഷിണകൊറിയ നടത്തുന്ന ഉച്ചഭാഷിണി പ്രചാരണം അവസാനിപ്പിക്കണമെന്ന ഉത്തര കൊറിയയുടെ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ചര്‍ച്ചയ്ക്ക് വഴി തുറന്നത്. ദക്ഷിണകൊറിയന്‍ അതിര്‍ത്തി പട്ടണമായ പാന്മുന്ജോമിലാണ് ചര്‍ച്ച.
ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കിം ക്വാന്‍ ജിന്നും ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന് കിം ജോങ് ഉന്നിന്റെ വലംകൈ ഹ്വാങ് പ്യോങ് സോയും പങ്കെടുക്കും.
കഴിഞ്ഞദിവസം ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ശക്തമായ ഷെല്ലാക്രമണം ഉണ്ടായി. തുടര്‍ന്ന് ഉത്തരകൊറിയ സൈന്യത്തോട് യുദ്ധസന്നദ്ധരാവാന്‍ ആവശ്യപ്പെടുകയും ദക്ഷിണകൊറിയ അതിര്‍ത്തിയിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല