സ്വന്തം ലേഖകന്‍: മാസിഡോണിയ അതിര്‍ത്തി തുറന്നു, കുടിയേറ്റക്കാരുടെ പ്രവാഹം. ആഭ്യന്തര യുദ്ധത്തില്‍ വലയുന്ന സിറിയ അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ കൂടുതലും. ദിവസങ്ങളായി ഗ്രീസ്, മാസിഡോണിയ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയായിരുന്നു ഇവര്‍.
കുടിയേറ്റക്കാരെ തടയാന്‍ കഴിഞ്ഞ വ്യാഴാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാസിഡോണിയ അതിര്‍ത്തി അടച്ചു കനത്ത കാവലിട്ടിരുന്നു. സായുധ പൊലീസ് നിര ഭേദിക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ക്കെതിരെ ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തത് രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് ഇന്നലെ അതിര്‍ത്തികവാടങ്ങള്‍ തുറന്നത്.
പ്രതിദിനം ശരാശരി രണ്ടായിരം കുടിയേറ്റക്കാരാണു തൊഴിലും മെച്ചപ്പെട്ട ജീവിതവും തേടി പശ്ചിമ യൂറോപ്പിലേക്കു കടക്കാനായി എത്തുന്നത്. കടല്‍മാര്‍ഗമെത്തുന്ന കുടിയേറ്റക്കാര്‍ ഗ്രീസിലൂടെയാണു മാസിഡോണിയയിലെത്തുന്നത്. ഇവിടെനിന്നു സെര്‍ബിയ വഴി ഹംഗറിയിലേക്കും അവിടെനിന്നു പശ്ചിമ യൂറോപ്പിലേക്കുമാണ് പ്രവാഹം. മാസിഡോണിയ അതിര്‍ത്തി അടച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ ഭക്ഷണമോ താമസകേന്ദ്രമോ ഇല്ലാതെ നരകിക്കുകയായിരുന്നു.
ഇതിനിടെ, ബോട്ടുകളില്‍ കുത്തിനിറച്ച നിലയില്‍ കടലില്‍ കണ്ടെത്തിയ 4400 കുടിയേറ്റക്കാരെ ഇറ്റലിയുടെ തീരസേന കരയിലെത്തിച്ചു. കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി ഇറ്റലി, നോര്‍വെ, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ നാവിക–വ്യോമ സേനകള്‍ സംയുക്തമായി തിരച്ചില്‍ തുടരുന്നുണ്ട്.
1,10,000 കുടിയേറ്റക്കാര്‍ ഈ വര്‍ഷം ഇതുവരെ ഇറ്റലിയുടെ തീരത്തിറങ്ങിയതായാണ് എകദേശ കണക്ക്. കടലിലെ കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് മനുഷ്യക്കടത്തുകാരുടെ സംഘം വീണ്ടും സജീവമായത്. യൂറോപ്യന്‍ തീരങ്ങളിലെത്തുമ്പോള്‍ ബോട്ടുകള്‍ കടലില്‍ ഉപേക്ഷിച്ചു മനുഷ്യക്കടത്തുകാര്‍ പിന്വാങ്ങുകയാണു പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല