സ്വന്തം ലേഖകന്‍: കൊറിയകള്‍ കൈ കോര്‍ത്തു, സംഘര്‍ഷത്തിന് അയവ്. ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായതോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷാന്തരീക്ഷത്തിന് അയവു വന്നത്.
രണ്ടുദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് പ്രശ്‌നപരിഹാരമായത്. കുഴിബോംബുകള്‍ പൊട്ടി രണ്ടു ദക്ഷിണ കൊറിയന്‍ സൈനികര്‍ക്കു പരുക്കേറ്റ സംഭവത്തില്‍ ഉത്തര കൊറിയ ഖേദം പ്രകടിപ്പിച്ചതോടെ ഉത്തര കൊറിയയ്ക്ക് എതിരെ മൈക്കിലൂടെ ദക്ഷിണ കൊറിയ നടത്തിവന്ന പ്രചാരണം നിര്‍ത്താനും തീരുമാനമായി.
സംഘര്‍ഷം രൂക്ഷമായപ്പോള്‍ ഉത്തര കൊറിയ പ്രഖ്യാപിച്ച അര്‍ധയുദ്ധനിലയും പിന്‍വലിച്ചു. യുദ്ധസജ്ജമാക്കി നിര്‍ത്തിയ യുദ്ധക്കപ്പലുകള്‍ ഉത്തര കൊറിയ നാവികത്താവളങ്ങളിലേക്കു തിരിച്ച് അയയ്ച്ചു. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താന്‍ തുടര്‍ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു. 1950–53ലെ കൊറിയന്‍ യുദ്ധത്തെത്തുടര്‍ന്ന് വേര്‍പിരിക്കപ്പെട്ട കുടുംബങ്ങളുടെ സംഗമത്തിന് അവസരമുണ്ടാക്കാനും ധാരണയായി.
ഇരുപക്ഷവും ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങി സംഘര്‍ഷമൊഴിവാക്കിയതില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കീ മൂണ്‍ ആഹ്ലാദം പ്രകടിപ്പിച്ചു. കൊറിയകള്‍ തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കാന്‍ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒരാഴ്ചയിലേറെയായി ഉത്തര കൊറിയയ്‌ക്കെതിരെ അതിര്‍ത്തികളില്‍ നടന്നുവരുന്ന മൈക്കിലൂടെയുള്ള പ്രചാരണം നിര്‍ത്തണമെന്നതായിരുന്നു ഉത്തര കൊറിയയുടെ പ്രധാന ആവശ്യം.
എന്നാല്‍ അതിര്‍ത്തിയില്‍ രണ്ടു ജവാന്‍മാര്‍ക്കു പരുക്കേല്‍ക്കാനിടയാക്കിയ കുഴിബോംബ് സ്‌ഫോടനങ്ങളില്‍ ഉത്തര കൊറിയ ആദ്യം മാപ്പുപറയണമെന്നതായിരുന്നു ദക്ഷിണ കൊറിയയുടെ ആവശ്യം.
ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കളാണു ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല