സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് മടങ്ങി വരവിന്റെ പാതയില്‍, തന്ത്രപ്രധാന നഗരം പിടിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ തന്ത്രപ്രധാന നഗരമായ മൂസാ ഖലയാണ് താലിബാന് തീവ്രവാദികള്‍ പിടിച്ചെടുത്തത്.
നാറ്റോ സൈന്യവുമായുള്ള ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് വടക്കന്‍ ഹെല്‍മന്ദിലെ മൂസാ ഖല എന്ന നഗരം താലിബാന് വരുതിയിലാക്കിയത്. നേരത്തെ ഇതേപ്രവിശ്യയിലെ നവസാദ് നഗരം താലിബാന് നിയന്ത്രണത്തിലാക്കിയിരുന്നു. 2001 ലെ അധിനിവേശത്തിന് ശേഷം നാറ്റോയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായാണ് മൂസാ ഖല അറിയപ്പെടുന്നത്.
കഴിഞ്ഞ ദിവസം യു എസ് വ്യോമാക്രമണത്തില്‍ 40 താലിബാന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം താലിബാന് ആക്രമണം ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് ജില്ലാ ഗവര്‍ണര്‍ മുഹമ്മദ് ശരീഫ് പ്രദേശം വിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താലിബാന് വിവിധ ഭാഗങ്ങില്‍ നിന്ന് ആക്രമണം ശക്തമാക്കിയ പാശ്ചാത്തലത്തിലാണ് തങ്ങള്‍ ജില്ല വിട്ടതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പാശ്ചാത്യ സേനയുടെ അധിനിവേശത്തിന് മുമ്പ് താലിബാന് ശക്തികേന്ദ്രമായിരുന്നു മൂസാ ഖല. രാജ്യത്തെ ഒപിയം കടത്തിന്റെ മേഖലയായും മൂസാ ഖല അറിയപ്പെട്ടിരുന്നു. 2007ലാണ് ശക്തമായ പോരാട്ടത്തിനൊടുവില്‍ പാശ്ചാത്യ സൈന്യം പിടിച്ചെടുത്തത്. രാജ്യത്തെ തീവ്രവാദ വേട്ടകള്‍ക്കുള്ള നിയന്ത്രണ കേന്ദ്രമായി ഈ പ്രദേശം സൈന്യം ഉപയോഗിച്ചുവരികയായിരുന്നു.
അതേസമയം കഴിഞ്ഞ ഡിസംബറില്‍ ഭൂരിഭാഗം നാറ്റോ സൈനികരും പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ ശക്തിപ്പെട്ടുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല