ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ റിയാദില്‍ കുടുങ്ങി കിടക്കുന്നു. എയര്‍ ഇന്ത്യ വിമാനത്തിന്റെ തകരാറ് മൂലമാണ് യാത്രക്കാര്‍ വലഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് 3.45ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ കൊച്ചി വിമാനം (എ.ഐ 924) യന്ത്ര തകരാര്‍ മൂലമാണ് റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
200ഓളം യാത്രക്കാരാണ് വിമാനത്താവളത്തിലെ ലോഞ്ചിലും പുറത്ത് ഹോട്ടലിലുമായി കഴിയുന്നത്.
മുംബൈയില്‍ നിന്നത്തെിയ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാന്‍ രണ്ടാം ദിവസവും ശ്രമം തുടരുകയാണ്. കൃത്യസമയത്ത് തന്നെ പാര്‍ക്കിങ് ബേയില്‍ നിന്നെടുത്ത വിമാനം റണ്‍വേ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങുമ്പോഴാണ് യന്ത്ര തകരാറുണ്ടായത്. നിറുത്തിയിട്ട വിമാനത്തിനുള്ളില്‍ അഞ്ചര മണിക്കൂറോളം യാത്രക്കാരെ ഇരുത്തി. ഒടുവില്‍ വിമാന ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വിമാനത്താവള ഉദ്യോഗസ്ഥര്‍ എത്തി യാത്രക്കാരെ സമാധാനപ്പെടുത്തുകയും വിമാനം പോകുന്നില്ലെങ്കില്‍ പുറത്തിറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
റീഎന്‍ട്രി വിസയുള്ള 153 പേരെ പുലര്‍ച്ചെ മൂന്നോടെ ബസുകളില്‍ കയറ്റി 40 കിലോമീറ്ററകലെ നസീമിലെ സഫീര്‍ ഹോട്ടലിലേക്ക് കൊണ്ടുപോയി. എക്‌സിറ്റ് വിസയിലുള്ള ബാക്കി യാത്രക്കാരെ എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല