സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡെന്‍വര്‍ സിനിമാ തിയറ്റര്‍ വെടിവപ്പ്, പ്രതിക്ക് 3318 വര്‍ഷം തടവ്. യുഎസിലെ കൊളറാഡോ സംസ്ഥാനത്തുള്ള ഡെന്‍വറിലെ സിനിമാ തിയറ്ററില്‍ അതിക്രമിച്ചു കയറി 12 പേരെ വെടിവച്ചുകൊല്ലുകയും 77 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അപൂര്‍വ വിധി. കൊലപാതകി ഇരുപത്തിയേഴുകാരനായ ജയിംസ് ഹോംസിനു 12 ജീവപര്യന്തം തടവുശിക്ഷയും പരോളില്ലാതെ 3318 വര്‍ഷം തടവുമാണ് ലഭിച്ചത്.
പ്രതി സ്വതന്ത്രസമൂഹത്തില്‍ ഒരിക്കലും കാലുകുത്തരുതെന്നാണു കോടതിയുടെ തീരുമാനമെന്നും പരമാവധി ശിക്ഷ അര്‍ഹിക്കുന്ന ഒരു കേസുണ്ടെങ്കില്‍ അതിതാണെന്നും ജഡ്ജി കാര്‍ലോസ് എ. സാമര്‍ പറഞ്ഞു.
2012 ജൂലൈ 20നു ബാറ്റ്മാന് സിനിമ ‘ദ് ഡാര്‍ക്ക് നൈറ്റ് റൈസസി’ന്റെ അര്‍ധരാത്രി പ്രദര്‍ശനം നടക്കുകയായിരുന്ന യുഎസിലെ കൊളറാഡോ സംസ്ഥാനത്തെ ഡെന്‍വറിലെ സിനിമാ തിയറ്ററില്‍ സായുധനായി കടന്നുചെന്ന പ്രതി കാണികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
ഹോംസ് കുറ്റക്കാരനാണെന്നു മൂന്നുവര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില് കഴിഞ്ഞ മാസം കോടതി വിധിച്ചിരുന്നു. കൊളറാഡോയില്‍ വധശിക്ഷ നിയമവിധേയമാണെങ്കിലും ഹോംസിനു വധശിക്ഷ നല്കുന്ന കാര്യത്തില്‍ ജൂറിയില്‍ ഭിന്നാഭിപ്രായമുണ്ടായി. തുടര്‍ന്നു 12 പേരെ വെടിവച്ചു കൊന്നതിനു 12 ജീവപര്യന്തത്തിനു പുറമേ മരണം സംഭവിക്കാമായിരുന്ന 140 വധശ്രമങ്ങള്‍ക്കും സ്വന്തം അപാര്ട്മെന്റില് ബോംബ് വച്ചതിനും 3318 വര്‍ഷം പരോളില്ലാത്ത തടവും കോടതി വിധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല