സ്വന്തം ലേഖകന്‍: കശ്മീരില്‍ ഏറ്റുമുട്ടലിനിടെ പാക് ഭീകരനെ ജീവനോടെ പിടികൂടി. ബാരാമുല്ല ജില്ലയിലെ പന്‍സ്ലയില്‍ റാഫിയാബാദിലെ ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ ജീവനോടെ പിടികൂടിയത്. തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുസാഫര്‍ഗഡില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ ജാവേദ് അഹമ്മദാണ് പിടിയിലായതെന്ന് സ്ഥിരീകരിച്ചു.
അതേസമയം ഇയാള്‍ ചാവേര്‍ സംഘടനയില്‍ അംഗമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉറി സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ അഞ്ച് ഭീകരരില്‍ ഒരാളാണ് ജാവേദ്. 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈന്യം ബാക്കി നാല് ഭീകരരെയും വധിച്ചു. ഭീകരനെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്.
അതേസമയം, ഒരു ഭീകരനെ കൂടി ജീവനോടെ പിടികൂടാന്‍ സാധിച്ചത് ഇന്ത്യയുടെ നിലപാടിനെ ബലപ്പെടുത്തുമെന്ന് കേന്ദ്രസഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. ഭീകരവാദത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് തെളിയിക്കുന്ന സംഭവമാണിതെന്നും റിജ്ജു കൂട്ടിച്ചേര്‍ത്തു.
പാക്ക് അധീന കശ്മീരിലെ ലഷ്കറെ തയിബ ക്യാംപില്‍ പരിശീനം നേടിയതായി ജാവേദ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് സൂചന. നേരത്തെ ഉറിയില്‍ സംഘം നുഴഞ്ഞു കയറാന്‍ ശ്രമിച്ചത് സൈന്യം കണ്ടെത്തിയെങ്കിലും അവര്‍ രക്ഷപെടുകയായിരുന്നു. നിയന്ത്രണരേഖയ്ക്ക് 18 കിലോമീറ്ററകലെ ഇവരെ വീണ്ടും കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല