സ്വന്തം ലേഖകന്‍: ഗംഗാ നദി വൃത്തിയാക്കാന്‍ ജര്‍മ്മനി, ഒപ്പം ജര്‍മ്മന്‍ കോളേജുകളില്‍ സംസ്കൃത പഠനവും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ജര്‍മ്മന്‍ സന്ദര്‍ശന വേളയിലാണ് ജര്‍മ്മനിയുടെ സഹായ വാഗ്ദാനം.
ഗംഗാനദിയുടെ ഉത്തരാഖണ്ഡ് ഭാഗം ശുചിയാക്കുന്നതിനാണു ജര്‍മനി സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജര്‍മനിയിലെ റൈന്‍ നദി ശുചിയാക്കുന്നതിന് ഉപയോഗിച്ച സാങ്കേതികവിദ്യ ഇവിടെയും ഉപയോഗിക്കും. ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മിയറുമായി സുഷമ നടത്തിയ രണ്ടു മണിക്കൂര്‍ ദീര്‍ഘിച്ച ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.
‘നിങ്ങള്‍ ഗംഗയെ മാതാവ് എന്നു വിളിക്കുന്നു. റൈന്‍ നദി ഞങ്ങള്‍ക്കു പിതാവിനെപ്പോലെയായിരുന്നു. ഞങ്ങള്‍ സഹായിക്കാം’ എന്നാണ് ജര്‍മന്‍ വിദേശകാര്യമന്ത്രി തന്നോടു പറഞ്ഞതെന്നു സുഷമ പിന്നീടു വാര്‍ത്താ ലേഖകരോടു പറഞ്ഞു.
ഇന്ത്യയിലെ ഓരോ സ്കൂളിലും പ്രവര്‍ത്തനക്ഷമമായ ടോയ്ലറ്റ് എന്ന ‘സ്വച്ഛവിദ്യാലയ’ പദ്ധതിയിലും ജര്‍മനി സഹകരിക്കും. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജര്‍മന്‍ പഠിപ്പിക്കുന്നതു തുടരാനും ജര്‍മനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംസ്കൃതം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ പഠിപ്പിക്കുവാനും ധാരണയായി.
ഒക്ടോബറില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നു സുഷമ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല