സ്വന്തം ലേഖകന്‍: മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് ആപത്ക്കരമാണെന്ന ബിജെപി എംപി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദമാകുന്നു. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം മുസ്ലിം ജനസംഖ്യയിലെ ഈ വളര്‍ച്ച അപകടകരമാണെന്നായിരുന്നു ആദിത്യനാഥ് പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ജാതി തിരിച്ചുള്ള സെന്‍സസ് കണക്കുകള്‍ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു എംപി.
ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്നും നിയമനിര്‍മാണം നടത്തണമെന്നും ആദിത്യനാഥും സാക്ഷി മഹാരാജും ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യം എല്ലാ സമുദായങ്ങളിലും ഉള്ളവര്‍ക്ക് ബാധകമാക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.
മുസ്ലിം ജനസംഖ്യ ഇതുപോലെ വര്‍ധിക്കുകയാണെങ്കില്‍ അത് ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. 1947 ലെ ഇന്ത്യ വിഭജനം പോലെയോ 1990 ലെ കശ്മീര്‍ കുടിയേറ്റം പോലെയോ ഒന്നിനും ഇടയായേക്കും – ആദിത്യനാഥ് പറഞ്ഞു.
മുസ്ലിം മതനേതാക്കള്‍ക്ക് വലിയൊരു മനസ് ആവശ്യമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കരുതെന്ന നിര്‍ദേശം പുറപ്പെടുവിക്കുന്ന ഇവര്‍ക്ക് രാജ്യത്തോടുള്ള പ്രതിബദ്ധത എത്രമാത്രമാണെന്ന് വ്യക്തമാണെന്നും ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു. നേരത്തെ ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനായി ഹിന്ദു സ്ത്രീകളോട് നാലു മക്കളെ പ്രസവിക്കണമെന്ന് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല