സ്വന്തം ലേഖകന്‍: വധശിക്ഷ ഭീകരവാദ കേസുകളില്‍ മാത്രം മതിയെന്ന് ദേശീയ നിയമ കമ്മീഷന്‍. ഭാവിയില്‍ വധശിക്ഷ പൂര്‍ണമായി നിര്‍ത്തലാക്കണമെന്നും കമ്മിഷന്റെ കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വധശിക്ഷ നടപ്പാക്കുന്നതുകൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.
മുംബൈ സ്‌ഫോടന പരമ്പരക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനു പിന്നാലെ ഉയര്‍ന്ന വധശിക്ഷ നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നതാണ് ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ ദേശീയ നിയമകമ്മിഷന്റെ കരട് റിപ്പോര്‍ട്ടും. ഭീകരവാദക്കേസുകള്‍ ഒഴികെയുള്ള എല്ലാ കേസുകളിലും വധശിക്ഷ അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് കമ്മിഷന്‍ കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വധശിക്ഷ നിയമബന്ധിതമല്ലാത്തതും തെറ്റുപറ്റാന്‍! സാധ്യതയുള്ളതും ജഡ്ജിമാരെ കേന്ദ്രീകരിച്ചുള്ളതുമാണ്. ആരെയും കുറ്റകൃത്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വധശിക്ഷകൊണ്ടു കഴിയുന്നില്ല.
ജീവപര്യന്തം തടവുശിക്ഷയേക്കാള്‍ മേന്മയൊന്നും വധശിക്ഷയ്ക്കില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പല വിചാരണക്കോടതികളും നിര്‍ബാധം വധശിക്ഷ വിധിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള 59 രാജ്യങ്ങളില്‍ മാത്രമാണ് വധശിക്ഷ നിലവിലുള്ളതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര നിയമമന്ത്രായലത്തിനു സമര്‍പ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല