സ്വന്തം ലേഖകന്‍: ചൈനീസ് ഐടി കമ്പനികളില്‍ ജീവനക്കാര്‍ക്ക് ഉന്മേഷം കൂട്ടാന്‍ ചിയര്‍ ഗേള്‍സ്. പ്രോഗ്രാമിങിന്റെ ക്ഷീണം മാറ്റാന്‍ ചൈനീസ് ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് പുതിയ വഴിയൊരുക്കുകയാണ് പ്രമുഖ ഐടി കമ്പനികള്‍. ജീവനക്കാരുടെ മനസിന് കുളിര്‍മയും ഉന്മേഷവും നല്കാന് ചൈനയില്‍ പ്രോഗ്രാമിങ് ചിയര്‍ലീഡേഴ്സ് എന്ന് വിളിക്കുന്ന ചിയര്‍ ഗേള്‍സിനെ നിയമിക്കുന്ന തിരക്കിലാണ് കമ്പനികള്‍.
പ്രോഗ്രാമിങ് ചിയര്ലീഡേഴ്സാകാന് ചൈനയിലെ ഐടി കമ്പനികള്‍ കഴിവുള്ള, കാഴ്ചയ്ക്ക് സുമുഖരായ യുവതികളെ റിക്രൂട്ട് ചെയ്യുന്നതായി സര്‍ക്കാര്‍ വാര്‍ത്താഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുചെയ്തു.
കൊച്ചുവര്‍ത്തമാനം പറഞ്ഞ് പ്രോഗ്രാമര്‍മാരെ ഉന്മേഷവാന്മാരാക്കുക, ജീവനക്കാര്‍ക്കൊപ്പം പിങ്പോങ് ഗെയിം കളിക്കുക, പ്രോഗ്രാമര്‍മാര്‍ക്ക് ഭക്ഷണം വാങ്ങിനല്‍കുക പോലുള്ള ചുമതലകളാണ് ചിയര്ലീഡേഴ്സിനുള്ളത്.
ഓഫീസില്‍ ഏതെങ്കിലും ജീവനക്കാരന് ഗിറ്റാര്‍ വായിക്കുകയും മറ്റും ചെയ്യുമ്പോള്‍ അവരെ കൈയിടിച്ച് പ്രോത്സാഹിപ്പിക്കലും ചിയര്‍ലീഡേഴ്സിന്റെ ചുമതലകളില്‍ പെടുന്നു. ചൈനീസ് ഐടി കമ്പനികളിലെ പ്രോഗ്രാമര്‍മാരില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്.
ഗൂഗിള്‍, ഫെയ്സ്ബുക്ക് പോലുള്ള വന്‍കിട അമേരിക്കന്‍ ഐടി കമ്പനികളില്‍ ജീവനക്കാര്‍ സൗജന്യ ഭക്ഷണം തേടി റെസ്റ്റോറണ്ട് വരെ നടക്കണം. എന്നാല്‍, ചൈനീസ് കമ്പനികളില്‍ ജീവനക്കാരുടെ ഓര്‍ഡര്‍ ചിയര്‍ലീഡേഴ്സ് വാങ്ങി ഭക്ഷണം അവരുടെ ഇരിപ്പിടത്തിലെത്തിച്ചുകൊടുക്കും.
അടുത്തയിടെ ഇത്തരം മൂന്ന് ചിയര്‍ലീഡേഴ്സിനെ നിയമിച്ച ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയുടെ എച്ച് ആര് മാനേജര്‍ പറയുന്നത്, ആ പെണ്‍കുട്ടികള്‍ ഓഫീസിലെ സാന്നിധ്യം പ്രോഗ്രാമര്‍മാരുടെ ജോലിയിലെ കാര്യക്ഷമത ഏറെ വര്‍ധിപ്പിച്ചു എന്നാണ്. മാത്രമല്ല, പെണ്‍കുട്ടികളുടെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ ഉഷാറാണുതാനും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല