സ്വന്തം ലേഖകന്‍: യുഎഇയില്‍ കഠിനമായ ചൂട്, ഇന്നും നാളെയും കനത്ത മൂടല്മഞ്ഞിന് സാധ്യത. അന്തരീക്ഷത്തില്‍ കനത്ത ഈര്‍പ്പം തങ്ങിനില്ക്കുന്നതിനാല് മലയാളികളുടെ ഓണാഘോഷം വിയര്‍പ്പില്‍ കുളിച്ചു. 44 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു രാജ്യത്ത് ഇന്നലെ അനുഭവപ്പെട്ട താപനില.
മിക്കയിടത്തും കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. ഇതുമൂലം ദൂരക്കാഴ്ച 50 മുതല്‍ നൂറ് ശതമാനം വരെ കുറവായിരുന്നു. കാലാവസ്ഥ പ്രതികൂലമായതോടെ ഇന്നലെ വൈകിട്ട് രാജ്യത്തെ പാര്‍ക്കുകളിലും ബീച്ചുകളിലും ആളുകള്‍ കുറവായിരുന്നു. ഓണമാഘോഷിക്കുന്ന മലയാളികള്‍ ഫ്ലാറ്റുകളില്‍ തന്നെ ഒത്തുകൂടി സന്തോഷം പങ്കിട്ടു.
ഇന്നും നാളെയും കനത്ത ചൂടും മൂടല്‍മഞ്ഞും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറക്കുന്ന ഞായറാഴ്ചയും കനത്ത മൂടല്മഞ്ഞിന് സാധ്യതയുണ്ട്. ഇതുമൂലം ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പടിഞ്ഞാറന്‍ പ്രവിശ്യയായ അബുദാബി മുതല്‍ ഗുവൈഫാത്–ലിവ വരെയുള്ള പ്രദേശങ്ങളിലാണ് ഏറ്റവുമധികം മൂടല്‍മഞ്ഞ് അനുഭവപ്പെടുക.
ചൂടും ഇന്ന് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. കനത്ത ഈര്‍പ്പം വാഹനങ്ങളുടെ ഗ്ലാസുകളിലൂടെയുള്ള കാഴ്ചകളെ മറക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ വേണ്ട മുന്‍കരുതലുകളെടുക്കണം. രാത്രി വാഹനമോടിക്കുന്നവര്‍ പ്രത്യേകിച്ചും. അമിത വേഗത നിയന്ത്രിച്ച്, വാഹനങ്ങള്‍ തമ്മിലുള്ള അകലം പാലിച്ച് വേണം ഓടിക്കുവാന്‍ എന്ന് പൊലീസ് നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല