സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ വിപ്ലവമായി ഡബിള്‍ ബാരല്‍, പ്രിത്വിരാജിന്റെ ഓണച്ചിത്രം ചര്‍ച്ചയാകുന്നു. പ്രതിസന്ധിയെന്നും വ്യാജനെന്നും പറഞ്ഞ് കെട്ടിക്കിടന്നിരുന്ന മലയാള സിനിമക്ക് കിട്ടിയ വൈദ്യുത പ്രഹരമായി മാറുകയാണ് ഡബിള്‍ ബാരല്‍. ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണിത്. ലൈല, മജ്‌നു എന്നീ പേരുകളിലുള്ള രണ്ട് രത്‌നങ്ങള്‍ക്ക് വേണ്ടി അധോലോക സംഘങ്ങളും ഗുണ്ടകളും തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയുടെ ഇതിവൃത്തം. മലയാള സിനിമാപ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് ചിത്രത്തിന്റെ അവതരണം. സീരിയസായ ഒരു പ്രമേയത്തെ ഒരു കോമിക് ബുക്കോ ഗ്രാഫിക് നോവലോ വായിക്കുന്നതുപോലെ കണ്ടിരിക്കത്തക്ക് വിധമാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. വിദേശ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മലയാളം സംസാരിക്കുന്നതും സിനിമയുടെ പ്രത്യേകതയാണ്. എടാ അവനെയല്ല മറ്റവനെ വെടിവയ്‌ക്കെടാ,? ഡാ സുരേഷേ ആക്‌സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി വിടെടാ എന്നൊക്കെ കെനിയക്കാരനായ ഗുണ്ട പറയുന്നത് കേട്ടാല്‍ അന്യഭാഷാ ചിത്രങ്ങളെ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തതു പോലിരിക്കും. കോടികള്‍ വിലവരുന്ന ലൈലമജ്‌നു രത്‌നങ്ങളാണ് സിനിമയുടെ കേന്ദ്രബിന്ദു. ലൈലയില്ലെങ്കില്‍ മജ്‌നുവില്ല,? മജ്‌നുവില്ലെങ്കില്‍ ലൈലയുമില്ല. ഇതിലേതെങ്കിലും ഒന്നില്ലെങ്കില്‍ ഈ രത്‌നത്തിന് ഒരു രൂപ പോലും ലഭിക്കില്ല. ഇതേ വാചകം ചൂതാട്ടക്കാരായ പാഞ്ചോയും (പൃഥ്വിരാജ്) വെന്‍സി (ഇന്ദ്രജിത്ത്)യും പല ആവര്‍ത്തി പറയുന്നുണ്ട്. ഈ രത്‌നങ്ങള്‍ക്കു പുറകെ അനേകം സംഘങ്ങള്‍ മരണപ്പാച്ചിലിലാണ്. സണ്ണിവെയ്ന്‍ അവതരിപ്പിക്കുന്ന സൈലന്റ് എന്ന കഥാപാത്രത്തില്‍ നിന്ന് തുടങ്ങുന്ന വെടിവയ്പ് ഒടുക്കം വരെയുമുണ്ട്. അടിയില്ല വെടിമാത്രം എന്നാണ് ചിത്രത്തിന്റെ പരസ്യ വാചകം തന്നെ. അത്യാധുനിക തോക്കുകളും ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ചുള്ള ഉഗ്രന്‍ ഏറ്റുമുട്ടലും സിനിമയുടെ പ്രത്യേകതയാണ്. കഥാപാത്രങ്ങളുടെ പേരിലും ചിത്രം വ്യത്യസ്ത പുലര്‍ത്തുന്നു. പേരുപോലെ തന്നെ സണ്ണി വെയ്ന്‍ എപ്പോഴും നിശ്ബദനാണ്. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ഒരു വാക്ക് പോലും സണ്ണി ഉരിയാടുന്നില്ല. ചെന്പന്‍ വിനോദിന് നല്‍കിയിരിക്കുന്ന പേര് ഡീസല്‍ എന്നാണ്, വിജയ് ബാബുവിന്റേത് ബില്ലി ഗ്യാങ് എന്നും. ഇതെല്ലാം തന്നെ കോമിക് കഥാഖ്യാന ശൈലിക്ക് വേണ്ടി രൂപപ്പെടുത്തി എടുത്തതാണ്. തമിഴ്‌നടന്‍ ആര്യ, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. ആസിഫലി, പേളി മാനി, സാജിദ് യഹിയ, സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തുടങ്ങീ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. 16 കോടി രൂപ മുടക്കി ഇത്തരമൊരു പരീക്ഷണത്തിന് ലിജോയോടൊപ്പം നിന്ന നിര്‍മ്മാതാവായ പ്രിത്വിരാജും അദ്ദേഹത്തിന്റെ ആഗസ്റ്റ് സിനിമാസും അഭിനന്ദനം അര്‍ഹിക്കുന്നു. സിനിമ, അതു കച്ചവടമായാലും കലയായാലും സംവിധായകന്റെ കലയാണെന്ന് അടിവരയിട്ടുറപ്പിക്കുന്നു ഡബിള്‍ ബാരല്‍. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ധീരവും ഭ്രാന്തവുമായ ഒരു പരീക്ഷണം കൂടിയാണിത്. പഴയ വീഞ്ഞ് പുതിയ കുപ്പിയാക്കി കുടിച്ച് ശീലിച്ചുപോയ സാധാരണ പ്രേക്ഷകര്‍ ചിത്രത്തെ തള്ളിപ്പറയുന്നുണ്ടെങ്കിലും വ്യത്യസ്ത ആഗ്രഹിക്കുന്നവര്‍ക്ക് ഡബിള്‍ ബാരല്‍ മികച്ച ചിത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല