എ. പി. രാധാകൃഷ്ണന്‍
ആഘോഷങ്ങളുടെ നിറമാല കോര്‍ത്ത് ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തിയ ഈ മാസത്തെ സത്സംഗം രണ്ടോണ നാളിനെ അവിസ്മരണീയമാക്കി. ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ എത്തിച്ചേര്‍ന്ന നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ പതിവുപോലെ ഭജനയോടെ തന്നെയാണ് സത്സംഗം ആരംഭിച്ചത്. ആനന്ദദായകമായ ഭജനക്ക് ശേഷം യു കെ യില്‍ ആദ്യമായി മലയാളി സമൂഹം നടത്തുന്ന രക്ഷ ബന്ധന്‍ ആയിരുന്നു പരിപാടി. പ്രമുഖ വേദ പണ്ഡിതനും അധ്യാപകനുമായ ശ്രീ ദേവ് പരാശര്‍ എന്താണ് രക്ഷ ബന്ധന്‍ എന്നും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഹ്രസ്വമായ പ്രഭാഷണം നടത്തി. അതിനുശേഷം കെന്റില്‍ നിന്നും വന്നു ചേര്‍ന്ന മലയാളികള്‍ക്കിടയില്‍ മുഖവുരയുടെ ആവശ്യം ഇല്ലാത്ത ഡോക്ടര്‍ രാമുവിന്റെ കൈയില്‍ രാഖി കെട്ടികൊണ്ട് ഡയാന അനില്‍കുമാര്‍ രക്ഷ ബന്ധന്നു തുടക്കം കുറിച്ചു. തുടന്ന് സത്സഗത്തിന് എത്തിച്ചേര്‍ന്ന എല്ലാവരും പരസ്പരം രാഖി കെട്ടി കൊണ്ട് ഭാരതത്തിന്റെ സ്വന്തം സാഹോദര്യത്തിന്റെ ആഘോഷം യു കെ യിലും ആചരിച്ചു.
തുടര്‍ന്ന് മുരളി അയ്യരുടെ നേതൃത്വത്തില്‍ ശ്രീ ഗുരുവായൂരപ്പന് പ്രത്യേക അര്‍ച്ചന നടത്തി ദീപാരാധനയും മംഗലാരതിയും അര്‍പിച്ചു. അതിനുശേഷം വിഭവ സമൃദ്ധമായ സദ്യക്ക് തുടക്കം കുറിച്ചു. മഹാബലിയുടെ മഹത്തായ ജീവിത സന്ദേശം തന്നെ ദാനം എന്ന നന്മയുടെ പ്രകാശം ലോകം മുഴുവന്‍ പരത്തുക എന്നതായിരുന്നു. യു കെ യില്‍ വളരെയേറ ഓണസദ്യകള്‍ മറ്റു പലപ്രകാരത്തിലും നടത്തുന്നു എങ്കിലും തികച്ചും സൌജന്യമായി വരുന്നവര്‍ക്ക് മുഴുവനും സദ്യ നല്കിയ അപ്പൂര്‍വതയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി കരസ്ഥമാക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ സദ്യയില്‍ പാലടപായസവും പഴ പ്രഥമനും ആയിരുന്നു മധുരനിരയില്‍ ഉണ്ടായിരുന്നത്. പങ്കെടുത്തവരെല്ലാം മനസ്സില്‍ ഒരായിരം രുചിഭേദങ്ങളുടെ തൃപ്തിയോടെ മടങ്ങി. സത്സംഗം പരിപൂര്‍ണമാകുംപോള്‍ രാത്രി 11 മണിയായി. ഇനി അടുത്ത മാസം 26 നു സമൂഹ വിഷ്ണു സഹസ്രനാമ അര്‍ച്ചനക്കുള്ള കാത്തിരിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല