ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകരുതെന്ന് ബ്രിട്ടണിലെ മുസ്ലീംങ്ങള്‍ക്ക് ഒസാമ ബിന്‍ ലാദന്റെ മുന്‍ സഹായിയും മുതിര്‍ന്ന ജിഹാദിസ്റ്റുമായ അബ്ദുള്ള അനസിന്റെ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റ് വാദിക്കുന്ന ജിഹാദ് അനിസ്ലാമികമാണെന്നും ഇത് ഖുറ്ആന്‍ അനുസരിച്ചുള്ളതല്ലെന്നുമാണ് അബ്ദുള്ള അനസ് പറയുന്നത്.
സിറിയയിലും ഇറാഖിലുമുള്ള പാവങ്ങളായവരെ സഹായിക്കുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ചെയ്യുന്നതെന്നും അത് ഇസ്ലാമിന് ചേര്‍ന്ന നടപടിയല്ലെന്നും അബ്ദുള്ള അനസ് ദ് സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന കൂട്ടക്കൊലകളും ബലാത്സംഗങ്ങളും അനിസഌമികമാണ്. തടവുകാരോട് എങ്ങനെ പെരുമാറണമെന്ന് ഖുറ്ആന്‍ പറയുന്നുണ്ട്. സാധുക്കളോടും അനാഥരോടും പെരുമാറുന്നത് പോലെ പെരുമാറണമെന്നാണ് ഖുറ്ആന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ സിറിയന്‍ സഹോദരന്മാരെ സഹായിക്കുന്നു എന്ന തരത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ നടത്തുന്ന പ്രചരണവലയത്തില്‍ വീഴരുതെന്ന് ബ്രിട്ടണിലെ മുസ്ലീംങ്ങളോട് അബ്ദുള്ള അസീസ് അഭ്യര്‍ത്ഥിച്ചു.
15 വയസ്സുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 700 ഓളം പേര്‍ ഇതുവരെയായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ കൈവശമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 30,000 ത്തോളം വിദേശികളാണ് ഐഎസ് കൂടാരങ്ങളിലുള്ളത്, ഇവരില്‍ 5000 ത്തോളം ആളുകള്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല