സ്വന്തം ലേഖകന്‍: പ്രമുഖ കന്നഡ പുരോഗമന സാഹിത്യകാരന് കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു. പ്രമുഖ കന്നഡ സാഹിത്യകാരനും യുക്തിവാദിയും ഹംപിയിലെ കന്നഡ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായിരുന്ന എം.എം. കല്‍ബുര്‍ഗി അന്ധവിശ്വാസം, ദുര്‍മന്ത്രവാദം എന്നിവകെതിരെ രൂക്ഷമായ നിലപാടെടുത്ത് പലപ്പോഴും വിവാദ നായകനായിരുന്നു.
ഇന്നലെ രാവിലെ ധാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്. പ്രഭാതഭക്ഷണത്തിനിടെയാണ് സംഭവം. അക്രമികള്‍ വാതിലില്‍ മുട്ടിയപ്പോള്‍ ഭാര്യ വാതില്‍ തുറന്നുവെന്നും കല്‍ബുര്‍ഗി ചെന്നപ്പോള്‍ ഇവരിലൊരാള്‍ നെറ്റിയിലേക്കും നെഞ്ചിലേക്കും വെടിയുതിര്‍ത്തശേഷം കടന്നുകളയുകയായിരുന്നുവെന്നും ഹുബ്ലി–ധാര്‍വാഡ് സിറ്റി പൊലീസ് കമ്മിഷണര്‍ രവീന്ദ്ര പ്രസാദ് പറഞ്ഞു.
ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു ജില്ലാ സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നുരാവിലെ 11 നു ധാര്‍വാഡില്‍ നടക്കും. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആറംഗ സംഘത്തെ നിയോഗിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കല്‍ബുര്‍ഗിയുടെ കടുത്ത നിലപാടുകളെ എതിര്‍ക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായാണു വിവരം. ചില മതവിഭാഗങ്ങളില്‍നിന്നു ഭീഷണി ഉണ്ടായിരുന്നതിനാല്‍ വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെതന്നെ നിര്‍ദേശപ്രകാരം പിന്‍വലിച്ചു.
കര്‍ണാടകയിലെ നാടന്‍ കലകള്‍, മതം, സംസ്കാരം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന കല്‍ബുര്‍ഗി രചിച്ച മാര്‍ഗ1 എന്ന പുസ്തകത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ തത്വചിന്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബസവേശ്വരയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്ശമുണ്ടെന്നാരോപിച്ചു ലിംഗായത്ത് സമുദായം രംഗത്തെത്തിയിരുന്നു. വിഗ്രഹാരാധനയ്ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, ശ്രീരാമസേന അനുകൂലികള്‍ കല്‍ബുര്‍ഗിയുടെ വസതിക്കുമുന്നില്‍ പ്രതിഷേധം നടത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല