ഇബോള പിടിപെട്ട് ചികിത്സതേടിയ ആദ്യ ബ്രിട്ടീഷ് ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാളായ വില്‍ പൂളി ഇപ്പോള്‍ എന്‍എച്ച്എസില്‍ നേഴ്‌സ്. ഇബോളയുടെ കരാളഹസ്തത്തില്‍നിന്ന് തന്നെ മോചിപ്പിച്ച അതേ ആശുപത്രിയില്‍ തന്നെയാണ് വില്‍ പൂളി ഇപ്പോള്‍ ജോലി ചെയ്യുന്നത്. നോര്‍ത്ത് ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ എന്‍എച്ച്എസ് കുപ്പായത്തില്‍ ഇപ്പോള്‍ രോഗികളെ പരിചരിക്കുകയാണ് വില്‍.
ഇബോളയെ ചെറുക്കുന്നതിനായി പോരാടിയ ആരോഗ്യ പ്രവര്‍ത്തകരെ എല്ലാവരും ബഹുമാനിക്കുകയും ഓര്‍ക്കുകയും ചെയ്യണമെന്ന് ബിബിസി ന്യൂസിന് അനുവദിച്ച എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ വില്‍ പൂളി ആവശ്യപ്പെട്ടു. ഒരു വര്‍ഷം മുന്‍പാണ് സിയെറാ ലിയോണില്‍നിന്ന് ആര്‍എഎഫ് വിമാനത്തില്‍ വില്‍ പൂളിയെ ബ്രിട്ടണില്‍ എത്തിച്ച് ചികിത്സിച്ചത്. റോയല്‍ ഫ്രീയിലെ പ്രത്യേകമായി സജ്ജീകരിച്ച ഐസൊലേഷന്‍ റൂമില്‍ ഒരാഴ്ച്ചയോളം വില്‍ പൂളിയെ സൂക്ഷിച്ചു. ഈ കാലയളവില്‍ സീമാപ്പ് എന്ന പരീക്ഷണ മരുന്ന് ഉപയോഗിച്ചായിരുന്നു ചികിത്സ. മുന്‍ധാരണകളില്ലാതെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തിയ പരീക്ഷണം വിജയിക്കുകയും വില്‍ ജീവിതത്തിലേക്ക് മടങ്ങി എത്തുകയും ചെയ്തു.
രോഗം മാറിയശേഷം വീണ്ടും വില്‍ സിയെറ ലിയോണിലേക്ക് മടങ്ങി. അവിടെ ഇബോളയുടെ പിടി അയഞ്ഞ് തുടങ്ങിയതോടെയാണ് വില്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ ബ്രിട്ടണിലേക്ക് മടങ്ങിയത്. ഇപ്പോള്‍ കഴിഞ്ഞ മൂന്ന് മാസമായി വില്‍ എന്‍എച്ച്എസിലെ നേഴ്‌സാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല