അല്‍ഫോന്‍സാ സക്കറിയ.
എന്താണ് ഒരു മനുഷ്യജീവന്റ്‌റെ വില..?നമ്മളിരാലെങ്കിലും ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ.? അധികമാരും ആലോചിക്കാന്‍ ഉണ്ടാവാനിടയില്ല .കാരണം,ജീവിത വ്യഗ്രതമൂലം പലര്‍ക്കും അതിനു സമയം കിട്ടാറില്ല.സാധാരണക്കാരായ മനുഷ്യരുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായി തെരുവില്‍ അലയുന്ന ചാവാലിപ്പട്ടികളുടെ ജീവന്റ്‌റെ വിലയെ കുറിച്ച് കണ്ണീരൊഴുക്കാന്‍ രംഗത്ത് വരുന്ന ചില ന്യൂ ജനറേഷന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഒഴിച്ചാല്‍ മലയാളികളില്‍ ആരും തന്നെ പ്രാണന്റ്‌റെ മഹത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് ഈ അടുത്ത കാലത്തെങ്ങും കേള്‍ക്കാനോ കാണാനോ ഇടയായിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ എല്ലാ ദിവസവും മണിക്കൂറുകളോളം ചിലവിടുന്നവരില്‍ ആരും തന്നെ ഈ വേദനാജനകമായ വിഷയത്തെ പറ്റി ഒരു ചെറു ചിന്തയെങ്കിലും പങ്കു വച്ച് കണ്ട കാലം ഓര്‍മ്മയില്‍ പോലും ഇല്ലാതായിക്കഴിഞ്ഞു. എന്നാല്‍ പുരോഗതിയുടെ ഏതൊക്കെ പടികളില്‍ എത്തി എന്നു പറഞ്ഞാലും മനുഷ്യന്റ്‌റെ ജീവനെക്കുറിച്ചും അതിന്റ്‌റെ മൂല്യത്തെക്കുറിച്ചും ചിന്തിക്കുന്നവരുടെ എണ്ണം പാശ്ചാത്യരുടെ ഇടയില്‍ ഓരോ ദിവസവും കൂടികൂടി വരുകയാണ്.ഒരു പ്രമുഖ അമേരിക്കന്‍ ജേര്‍ണലില്‍ വന്ന സംഭവത്തെ ആസ്പദമാക്കി അമേരിക്കകാരുടെ ഇടയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു കഥ എല്ലാ മനുഷ്യരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്.
23 വയസ്സ് മാത്രം പ്രായമുള്ള വിവാഹിതയായ ഒരു യുവതി ഗൈനക്കോളജിസ്റ്റിന്റെ അടുക്കല്‍ വന്നു. അവളുടെ ഒപ്പം ഒരു ആണ്‍കുഞ്ഞുമുണ്ട്. വളരെ പ്രയാസപ്പെട്ടുകൊണ്ട് അവള്‍ ഡോക്ടറോട്:
‘ദയവുചെയ്ത് എന്നെ സഹായിക്കണം ഡോക്ടര്‍. എന്റെ മോന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. ഞാന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. എന്റെ ഓഫിസ് ജോലിയോടൊപ്പം രണ്ട് ചെറിയ മക്കളെ കൂടി ഒന്നിച്ച് പരിപാലിക്കാന്‍ എനിക്ക് കഴിയില്ല.’
ഡോക്ടര്‍: ‘ഞാന്‍ എങ്ങിനെ സഹായിക്കണം എന്നാണ് പറയുന്നത്?’
യുവതി: ‘ഡോക്ടര്‍ ഒന്ന് മനസ്സുവെച്ചാല്‍ ഒരു അബോര്‍ഷന്‍ നടത്തി എന്റെ ഗര്‍ഭസ്ഥശിശുവിനെ ….’
വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഡോക്ടര്‍ ഇടപെട്ടു. ‘ഹോ അബോര്‍ഷന്‍ അല്ലെ?’ യുവതി തലയാട്ടി. ഡോകടര്‍ ഉടനെ തന്നെ ആ യുവതിയുടെ വിവരങ്ങള്‍ എല്ലാം തന്റ്‌റെ കമ്പ്യൂട്ടറില്‍ കണ്ടെത്തി.അതിനു ശേഷം അല്‍പ്പസമയം തലതാഴ്ത്തി മൗനമവലംബിച്ചു.
ശേഷം ഡോക്ടര്‍ : ‘ശരി ,ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്. അത് നിന്റെ ജീവനോ ആരോഗ്യത്തിന്നോ ഒരു ഭീഷണിയും ഉണ്ടാക്കില്ല.’
ആകാംഷയോടെ അതീവ സുന്ദരിയായ ആ യുവതി: ‘എന്താണത്?’
ഡോകടര്‍: ‘ഒരേ സമയത്ത് രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രയാസമാണെങ്കില്‍ എറ്റവും നല്ല പരിഹാരം, ആദ്യത്തെ കുട്ടിയെ കൊന്നുകളയുക. അതാവുമ്പോള്‍ ഒരു അബോര്‍ഷന്റെ വേദനയോ ഭാവിയിലെ ആരോഗ്യ പ്രശ്‌നങ്ങളോ ഭയപ്പെടേണ്ടതില്ല…….ഫലത്തില്‍ ഒരു കുട്ടി മാത്രമേ അവശേഷിക്കൂ’
ഡോക്ടറുടെ പരിഹാരം കേട്ട മാത്രയില്‍ ആ യുവ സുന്ദരി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ഡോക്ടറോട് ദേഷ്യത്തോടെ ചോദിച്ചു: ‘എന്റെ ഈ മകനെയാണോ താങ്കളുദ്ദേശിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം’
താന്‍ അതീവ ശ്രദ്ധയോടെ തള്ളിക്കൊണ്ട് വന്ന സഞ്ചരിക്കുന്ന തൊട്ടിലില്‍ നിന്നും ആ കുഞ്ഞിനെ വാരിയെടുത്ത് അവന്റ്‌റെ നെറുകയില്‍ ഉമ്മവെച്ച് ആ യുവതി തുടര്‍ന്നു: ‘ഇല്ല! ഒരിക്കലുമില്ല. എന്റെ ഈ പൊന്നുമോനെയാണോ നിങ്ങള്‍ കൊല്ലാന്‍ പറയുന്നത്?’ വിതുമ്പുന്ന ചുണ്ടുകളോടെ മകനെയും എടുത്ത് പോകാനൊരുങ്ങിയ യുവതിയെ ഡോക്ടര്‍ പിടിച്ചിരുത്തി.
എന്നിട്ട് ശാന്തയായി പറഞ്ഞു: ‘ഏറ്റവും ഉചിതമെന്ന് കരുതിയാണ് ഈ പരിഹാരം ഞാന്‍ നിര്‍ദേശിച്ചത്. കാരണം ലോകത്തെ വെളിച്ചം കാണാത്ത നിന്റെ ഗര്‍ഭസ്ഥശിശുവാണെങ്കിലും നീ മുലയൂട്ടുന്ന കുഞ്ഞാണെങ്കിലും കൊല്ലപ്പെടുന്നത് നിന്റെ കുഞ്ഞാണ്. ഒരുപക്ഷെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് ഒരു മിണ്ടാപ്രാണിയെന്ന നിലയില്‍ അതിനെ കൊല്ലുന്നതായിരിക്കും കൂടുതല്‍ കുറ്റകരം.’
ആ യുവ സുന്ദരി ഏറെ നേരം തല താഴ്ത്തിയിരുന്നു. ശേഷം വിതുമ്പിയൊഴുകുന്ന കണ്ണുകളുയര്‍ത്തി പറഞ്ഞു: ‘ദൈവമേ സ്വാര്‍ത്ഥയായ എന്നോട് പൊറുക്കുക..’
ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങി യുവതി നേരെ കൌണ്ടറിലേക്ക് നടന്നു. കുഞ്ഞിന്റ്‌റെ ജനനം വരെയുള്ള എല്ലാ മാസവും ഡോക്ടറെ കാണാനുള്ള അപ്പോയിമെന്റ് വാങ്ങി വീട്ടിലേക്ക് യാത്രയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല