സ്വന്തം ലേഖകന്‍: സൗദിയില്‍ താത്ക്കാലില്‍ സീസണ് വിസ, ഹ്രസ്വകാല പദ്ധതികള്‍ക്കായി വിദേശികളെ റിക്രൂട്ട് ചെയ്യുവാന്‍ അനുമതി.
തൊഴില്‍ വിപണിക്ക് പുത്തന്‍ ഉണര്‍വു നല്കുമെന്നു കരുതപ്പെടുന്ന പരിഷ്ക്കാരത്തിന് മന്ത്രിസഭ അംഗീകാരം നല്കി.പൊതു സ്വകാര്യ മേഖലയിലെ പദ്ധതികള്‍ കരാര്‍ എടുക്കുന്ന കമ്പനികള്‍ക്കാണ് ഇത്തരം വിസകള്‍ അനുവദിക്കുക.
സൗദിയിലെ നിര്‍മാണ വ്യവസായ മേഖലയുടെ ആവശ്യം പരിഗണിച്ച് 2015 ജനുവരി 15 സൗദി ശൂറ കൗണ്‍സില്‍ അംഗീകരിച്ച നിയമാവലിക്കാണ് സൗദി മന്ത്രിസഭ അന്തിമ അംഗീകാരം നല്‍കിയത്. തൊഴില്‍ മന്ത്രി ഡോ. മുഫ് രിജ് ബിന്‍ സഅദ് അല്‍ ഹഖബാനി സമര്‍പ്പിച്ച കരട് നിര്‍ദേശത്തിനാണു കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയത്.
ഈ നിയമത്തിലൂടെ ഹ്രസ്വകാല പദ്ധതികള്‍ക്കായി വിദേശികളെ റിക്രൂട്ട് ചെയ്യുവാന്‍ സാധിക്കും. ഹജ്ജ്, ഉംറ സീസണില്‍ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം ചെയ്യുവാന്‍ ആവശ്യമായ വിസ ലഭിക്കുവാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നു മാധ്യമ മന്ത്രിയുടെ ചുമതല വഹിക്കുന്ന ഡോ.മാജിദ് ബിന്‍ അബ്ദുള്ള അല്‍ ഖുസൈബി പറഞ്ഞു.
നിലവില്‍ ഉണ്ടായിരുന്ന സീസണ് വിസ ദുരുപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണു പുതിയ നിയമാവലിക്ക് ശൂറ കൗണ്‍സില്‍ രൂപംനല്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല