തുര്‍ക്കിയിലെ കടലോരത്ത് അടിഞ്ഞ സിറിയന്‍ ബാലന്റെ മൃതദേഹമായിരുന്നു ഇന്നലെ മുതല്‍ ഇന്റര്‍നെറ്റിലെ സംസാരവിഷയം. സിറിയയില്‍നിന്ന് യൂറോപ്പിലേക്ക് അഭയം അന്വേഷിച്ചെത്തിയ സംഘത്തില്‍പ്പെട്ടതായിരുന്നു ആ പിഞ്ച് കുഞ്ഞും. ലോകത്തെ കണ്ണീരണിയിച്ച ആ കുഞ്ഞ് ഐലന് കുര്ദ്ദി എന്ന മൂന്ന് വയസ്സുകാരനായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. വടക്കന്‍ സിറിയയിലെ കൊബാന് സ്വദേശിയാണ് ഐലന്. അഞ്ച് വയസ്സുകാരനായ സഹോദരനും ഐലനോടൊപ്പം ബോട്ട് മുങ്ങി മരിച്ചിട്ടുണ്ട്.
ഐലന് കടല്‍ത്തീരത്ത് മരിച്ചുകിടക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ അത് വലിയ ചര്‍ച്ചയായി. എന്നിട്ട്. ഈ ചിത്രങ്ങള്‍ കണ്ടിട്ടും അഭയാര്‍ത്ഥികളോടുളള യുറോപ്പിന്റെ മനോഭാവം മാറ്റുന്നില്ലെങ്കില്‍ പിന്നെ എന്ത് മാറ്റും ? ഇതായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന്.
യൂറോപ്പിന്റെ എല്ലാ കോണുകളിലും ഇത്തരം അപകട കാഴ്ച്ചകള്‍ പതിവാണെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നൂറു കണക്കിന് ആളുകളാണ് ഇത്തരത്തില്‍ അഭയം തേടി ജീവിതം ഹോമിക്കുന്നത്. എന്നാല്‍, അഭയാര്‍ത്ഥികളെ തടയുന്ന നിലപാടാണ് ഭൂരിഭാഗം രാജ്യങ്ങളും ഇതുവരെ സ്വീകരിക്കുന്നത്. ഏതുവിധേനയം അഭയാര്‍ത്ഥികളെ തടയുക എന്ന രീതി രാജ്യങ്ങള്‍ അവലംബിക്കുന്നതാണ് അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല